'കോച്ചെന്ന നിലയിൽ രാഹുൽ വട്ടപൂജ്യം'; രൂക്ഷ വിമർശനവുമായി പാക് താരം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെക്കതിരെ 442 റൺസിന്റെ ലീഡാണ് ആസ്‌ത്രേലിയ നേടിയിരിക്കുന്നത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെക്കതിരെ ആസ്‌ത്രേലിയ കൂറ്റൻ ലീഡ് നേടിയിരിക്കെ കോച്ച് രാഹുൽ ദ്രാവിഡിനെ രൂക്ഷമായി വിമർശിച്ച് പാകിസ്താന്റെ മുൻതാരം ബാസിത് അലി. ഫൈനലിൽ ഇന്ത്യൻ ടീം മാനേജ്‌മെൻറിന്റെ മോശം തീരുമാനങ്ങളെയാണ് മുൻ പാക് ബാറ്റർ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ വിമർശിച്ചത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തതോടെ തന്നെ മത്സരത്തിൽ ഇന്ത്യ തോറ്റതായി അദ്ദേഹം കുറ്റപ്പെടുത്തി. 52കാരനായ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ആ സ്ഥാനത്ത് വട്ടപൂജ്യമണെന്നും പറഞ്ഞു.
'ഞാൻ രാഹുൽ ദ്രാവിഡിന്റെ വലിയ ആരാധകനാണ്, എന്നും അങ്ങനെയായിരുന്നു, ഇനിയും അങ്ങനെയായിരിക്കും. അദ്ദേഹം ക്ലാസ് താരമാണ്, ഇതിഹാസമാണ്. പക്ഷേ കോച്ചെന്ന നിലയിൽ അക്ഷരാർത്ഥത്തിൽ വട്ടപൂജ്യമാണ്, ഇന്ത്യയിലെ ടേണിംഗ് പിച്ചുകളിലാണ് നിങ്ങൾ തയ്യാറെടുത്തത്. ഇന്ത്യ ആസ്‌ത്രേലിയയിലേക്ക് പോയപ്പോൾ അവിടെ അത്തരം വിക്കറ്റായിരുന്നോ? ബൗൺസി പിച്ചുകളായിരുന്നില്ലേ? ദൈവത്തിനറിയാം അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന്' അലി തന്റെ ചാനലിലെ വിശകലന വീഡിയോയിൽ പറഞ്ഞു. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ വിജയിക്കണമെങ്കിൽ അത്ഭുതം സംഭവിക്കണമെന്നും പാകിസ്താനായി 19 ടെസ്റ്റും 50 ഏകദിനവും കളിച്ച താരം പറഞ്ഞു.
'ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തത് മുതൽ അവർ പരാജയപ്പെട്ടു. ബൗളിംഗ് ഐ.പി.എല്ലിലേത് പോലെയായിരുന്നു. ഉച്ചഭക്ഷണത്തോടെ ഇന്ത്യൻ ബൗളർമാർ മത്സരം വിജയിച്ച മട്ടിൽ സന്തുഷ്ടരായിരുന്നു. ഇനി ഇന്ത്യയ്ക്ക് ചെയ്യാനാകുന്നത് അവരെ പരമാവധി പെട്ടെന്ന് പുറത്താക്കുകയും നാലാം ഇന്നിംഗ്‌സിൽ അത്ഭുതത്തിനായി പ്രതീക്ഷിക്കുകയുമാണ്. ഇന്ത്യ ഫീൽഡ് ചെയ്ത 120 ഓവറിൽ രഹാനെ, കോഹ്‌ലി, ജഡേജ തുടങ്ങിയ രണ്ടു മൂന്നു താരങ്ങൾ മാത്രമായിരുന്നു ആരോഗ്യവാന്മാർ ബാക്കിയുള്ളവർ ക്ഷീണിതരായിരുന്നു' അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫൈനലിന്റെ നാലാം ദിവസമായ ഇന്ന് 442 റൺസിന്റെ ലീഡാണ് കംഗാരുപ്പട നേടിയിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സിൽ 469 റൺസ് അടിച്ചുകൂട്ടിയ ടീം നിലവിൽ രണ്ടാം ഇന്നിംഗ്‌സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് നേടിയിരിക്കുകയാണ്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജും ഷമിയും ഓരോ വിക്കറ്റും നേടി.
Former Pakistan Batter Basit Ali slammed coach Rahul Dravid as Australia took a huge lead against India in the Test Championship final.