എന്നെയാണോ? എഴുന്നേറ്റ് പന്തും, ഒടുവിൽ ഇരുത്തം: വീഡിയോ വൈറൽ
സൂപ്പർഫോറിൽ പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ നാലാമനായി റിഷഭ് പന്താണ് ബാറ്റ് ചെയ്യാനെത്തിയത്.
ദുബൈ: ഏഷ്യാകപ്പ് സൂപ്പർഫോറിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ് ഓർഡറിൽ ആശയക്കുഴപ്പം. നാലാമനായി ആര് ഇറങ്ങണമെന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. ഹാർദിക് പാണ്ഡ്യയും റിഷബ് പന്തുമായിരുന്നു ബാറ്റെടുത്ത് തയ്യാറായി നിന്നിരുന്നത്. സൂപ്പർഫോറിൽ പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ നാലാമനായി റിഷഭ് പന്താണ് ബാറ്റ് ചെയ്യാനെത്തിയത്.
എന്നാൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ എത്തിയത് ഹാർദിക് പാണ്ഡ്യയും. സൂര്യകുമാർ യാദവ് പുറത്തായതിന് പിന്നാലെ റിഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ബാറ്റിങിന് തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ടീം ആവശ്യപ്പെട്ടത് പാണ്ഡ്യയോട് ഇറങ്ങാനായിരുന്നു. താനായിരിക്കും എന്ന നിലയിൽ പന്തും റെഡിയായി. എന്നാൽ ടീം പാണ്ഡ്യയോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നോട് ആണോ എന്ന് പാണ്ഡ്യ ചോദിക്കുന്നത് വീഡിയോയിൽ വ്യക്തം.
പിന്നാലെ പാണ്ഡ്യ പോകുന്നതും നോക്കി പന്ത് ഇരുന്നു. പന്തിന് മുന്നിൽ പാണ്ഡ്യയെ ഇറക്കിയതിലെ തന്ത്രം വ്യക്തമല്ല. അതേസമയം ഇരുവർക്കും ബാറ്റിങിൽ തിളങ്ങാനായില്ല എന്നത് വേറെ കാര്യം. ഇരുവരും നേടിയത് 17 റൺസ് വീതം. നേരിട്ടതും 13 പന്തുകൾ. എന്നാൽ പന്ത് മൂന്ന് ബൗണ്ടറികൾ കണ്ടെത്തിയപ്പോൾ പാണ്ഡ്യക്ക് ബൗണ്ടറികളൊന്നും നേടാനായില്ല. പാണ്ഡ്യ ഒരു സിക്‌സർ നേടി. അതേസമയം ആറു വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. ഇന്ത്യ ഉയർത്തിയ 174 എന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.
ആവേശം അവസാന ഓവർ വരെ എത്തിയ മത്സരമായിരുന്നു. ശ്രീലങ്കയോട് തോറ്റതോടെ ഇന്ത്യയുടെ ഭാവി തുലാസിലായി. ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്താനെ പാകിസ്താൻ തോൽപ്പിച്ചാൽ ഇന്ത്യ പുറത്താകും. അതോടെ ശ്രീലങ്കയും പാകിസ്താനും ഫൈനൽ കളിക്കും. എന്നാൽ അഫ്ഗാനിസ്താനാണ് ജയിക്കുന്നതെങ്കിൽ ഇന്ത്യക്ക് പ്രതീക്ഷയായി. ശ്രീലങ്ക-പാകിസ്താൻ മത്സരവും ഉയർന്ന റൺറേറ്റും നോക്കിയാകും അവിടെ ഇന്ത്യയുടെ ഭാവി