രാജ്യത്തെ ഒളിംപിക്സ് താരങ്ങൾക്ക് പിന്തുണ; എട്ടരക്കോടി രൂപ സംഭാവന നൽകി ബി.സി.സി.ഐ

117 പേരാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പാരീസില്‍ മത്സരിക്കുക. ട്രാക്കിലും ഫീല്‍ഡിലുമായി 70 പുരുഷന്മാരും 47 വനിതകളുമാണ് മത്സരരംഗത്തുള്ളത്.

Update: 2024-07-21 14:48 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്‌സ് ആരംഭിക്കാനിരിക്കെ വന്‍ പ്രഖ്യാപനവുമായി ബി.സി.സി.ഐ. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് (ഐ.ഒ.സി.) എട്ടരക്കോടി രൂപ സംഭാവന നല്‍കുമെന്നതാണ് പ്രഖ്യാപനം. ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രഖ്യാപനം. 

''2024 പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന അത്‌ലറ്റുകളെ ബി.സി.സി.ഐ. പിന്തുണയ്ക്കുന്നു. കാമ്പയിനായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഞങ്ങള്‍ എട്ടരക്കോടി രൂപ നല്‍കുന്നു. എല്ലാ മത്സാരാര്‍ഥികള്‍ക്കും ആശംസകള്‍. ഇന്ത്യയെ അഭിമാനത്തിലെത്തിക്കൂ''- ജയ് ഷാ വ്യക്തമാക്കി. 

117 പേരാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പാരീസില്‍ മത്സരിക്കുക. ട്രാക്കിലും ഫീല്‍ഡിലുമായി 70 പുരുഷന്മാരും 47 വനിതകളുമാണ് മത്സരരംഗത്തുള്ളത്. 67 കോച്ചുമാരും 72 സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും ഇവര്‍ക്കൊപ്പം അനുഗമിക്കും. ജൂലായ് 26-ന് വര്‍ണാഭമായ ആഘോഷ പരിപാടികളോടെ ഒളിംപിക്‌സിന് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് ഉദ്ഘാടന പരിപാടികള്‍. 

ഇന്ത്യയുടെ ഒളിമ്പിക് യാത്ര ജൂലൈ 25ന് ആരംഭിക്കുന്ന അമ്പെയ്ത്ത് മത്സരത്തോടെ തുടക്കമാകും. ടോക്കിയോയിൽ നടന്ന കഴിഞ്ഞ പതിപ്പിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായിരുന്നു ഇന്ത്യയുടെ നേട്ടം. ഇതിലും മികച്ചത് ആവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News