അമ്പോ സ്റ്റോക്സ്! പെരും അടി; തകര്‍പ്പന്‍ സെഞ്ച്വറി... ലോകകപ്പില്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ പെര്‍ഫെക്ട്, ഓ.ക്കെ

നിര്‍ഭാഗ്യം കൊണ്ട് മാത്രം ഡബിള്‍ സെഞ്ച്വറിക്ക് തൊട്ടരികെ 182 റണ്‍സില്‍ വീണെങ്കിലും സ്റ്റോക്സ് മറ്റ് ടീമുകള്‍ തരുന്നത് വലിയൊരു അപായ സൂചന തന്നെയാണ്...

Update: 2023-09-13 18:43 GMT
Ben Stokes ,return ,record,century ,New Zealand ,ODI,england,Stokes
AddThis Website Tools
Advertising

വിരമിക്കല്‍ തീരുമാനം പിന്‍വലിലിച്ച് ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തും എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഒരു വര്‍ഷം മുന്‍പ് ഏകദിനം മതിയാക്കുന്നു എന്ന് പറഞ്ഞു പോയ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടീം തിരിച്ചുവിളിച്ചത് ഇത്രയും മനോഹരമായ ഒരു റീ എന്‍ട്രിക്കായിരുന്നോ?!. അതും വിരലിലെണ്ണാവുന്ന താരങ്ങള്‍ക്ക് മാത്രം സാധ്യമായ 200 എന്ന ഏകദിന മാന്ത്രിക സംഖ്യയിലേക്ക് അനായാസം കുതിച്ചെത്തുമെന്ന് തോന്നിക്കുംവിധമുള്ള ഇന്നിങ്സ്. നിര്‍ഭാഗ്യം കൊണ്ട് മാത്രം ഡബിള്‍ സെഞ്ച്വറിക്ക് തൊട്ടരികെ 182 റണ്‍സില്‍ വീണെങ്കിലും സ്റ്റോക്സ് മറ്റ് ടീമുകള്‍ തരുന്നത് വലിയൊരു അപായ സൂചന തന്നെയാണ്... ലോകകപ്പില്‍ ഏതൊരു ബൌളിങ് ലൈനപ്പിനെയും ഭയപ്പെടുത്താന്‍ തക്ക കെല്‍പ്പുള്ള ഒരാള്‍ കൂടിയുണ്ട് ഇംഗ്ലണ്ട് സ്ക്വാഡില്‍ എന്ന സൂചന.

ലോകകപ്പ് ലക്ഷ്യംവെച്ചാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ബെന്‍ സ്റ്റോക്സിനെ ഏകദിനത്തിലേക്ക് തിരിച്ചുവിളിക്കുന്നത്. ആ വിളിയില്‍ തീരുമാനം മാറ്റി തിരിച്ചുവന്ന സ്റ്റോക്സ് കഴിഞ്ഞ ദിവസമാണ് പിന്നീട് ഇംഗ്ലണ്ടിന്‍റെ ലിമിറ്റഡ് ഓവര്‍ ജഴ്സി അണിയുന്നത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയുടെ രണ്ടാം മത്സരത്തില്‍. അന്നുപക്ഷേ ഒരു റണ്‍സെടുത്ത് നിരാശനായി മടങ്ങാനായിരുന്നു സ്റ്റോക്സിന്‍റെ വിധി. എന്നാല്‍ ഇന്ന് മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ന്യൂസിലന്‍ഡ് ബൌളിങ് തെരഞ്ഞെടുത്തതോടെ സര്‍വതും മാറ്റിയെഴുതപ്പെട്ടു. 

ന്യൂസിലന്‍ഡിനെതിരെ സെക്കന്‍ഡ് ഡൌണ്‍ ആയി സ്റ്റോക്സ് ക്രീസില്‍ എത്തുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ സ്കോര്‍ 2.4 ഓവറില്‍ 13ന് രണ്ട്. ബെന്‍ സ്റ്റോക്സ് എന്ന പ്രതിഭയുടെ ആറാട്ടാണ് പിന്നീട് ഓവലിലെ കാണികള്‍ കണ്ടത്. ഓപ്പണര്‍ ഡേവിഡ് മലനുമൊത്ത് സ്റ്റോക്സ് അടി തുടങ്ങിയതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് ഹനുമാന്‍ ഗിയറില്‍ കുതിച്ചു. 31-ാം ഓവറില്‍ മലന്‍ പുറത്താകുമ്പോഴേക്കും ഇംഗ്ലണ്ട് ടീം സ്കോര്‍ 212ല്‍ എത്തിയിരുന്നു. മൂന്നാം വിക്കറ്റില്‍ 199 റണ്‍സിന്‍റെ കൂട്ടുകെട്ട്. 

സെഞ്ച്വറിക്ക് നാല് റണ്‍സകലെയാണ് ഡേവിഡ് മലന്‍ (96) പുറത്താകുന്നത്. മലന്‍ വീണിട്ടും സ്റ്റോക്സ് അടി തുടര്‍ന്നു. മറുവശത്ത് ക്യാപ്റ്റന്‍ ബട്‍ലറും(38) ലിവിങ്സ്റ്റണും(11) സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വേഗം മടങ്ങി. ഇതിനിടയില്‍ ഇംഗ്ലണ്ട് ടീം സ്കോര്‍ 40 ഓവറില്‍ 300 കടന്നു. സ്റ്റോക്സിന്‍റെ വ്യക്തിഗത സ്കോര്‍ 150ഉം കടന്നു. 

ഒടുവില്‍ നിസ്സാരമായി സ്റ്റോക്സ് ഏകദിന ഡബിള്‍ സെഞ്ച്വറി കണ്ടെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഗ്ലെന്‍ ഫിലിപ്സിന്‍റെ പന്തില്‍ സ്റ്റോക്സ് വീഴുന്നത്. ഫിലിപ്സിന്‍റെ ഫുള്‍ടോസില്‍ ടൈമിങ് പിഴച്ച സ്റ്റോക്സ് ഡീപ് സ്ക്വയര്‍ ലെഗില്‍ ബെഞ്ചമിന്‍ ലിസറുടെ കൈയ്യില്‍ അവസാനിക്കുകയായിരുന്നു. 124 പന്തില്‍ ഒന്‍പത് സിക്സറും 15 ബൌണ്ടറികളുമുള്‍പ്പെടെ 182 റണ്‍സെടുത്തായിരുന്നു  താരത്തിന്‍റെ മടക്കം. ഏകദിന കരിയറിലെ സ്റ്റോക്സിന്‍റെ നാലാമത്തെ മാത്രം സെഞ്ച്വറിയാണ് ഇന്ന് ഓവലില്‍ പിറന്നത്.

ഡബിള്‍ സെഞ്ച്വറിയെന്ന നാഴികക്കല്ല് സ്വന്തമാക്കാനായില്ലെങ്കിലും അസാധ്യ ഇന്നിങ്സ് കാഴ്ചവെച്ച് തിരിച്ചുമടങ്ങിയ സ്റ്റോക്സിനെ കൈയ്യടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് ഓവലിലെ ഗ്യാലറി പപവലിയനിലേക്ക് യാത്ര അയച്ചത്.

സ്റ്റോക്സ് മടങ്ങിയതോടെ ഇംഗ്ലണ്ടിന്‍റെ വിക്കറ്റുകള്‍ തുടരെ വീണു. അനായാസം ടീം സ്കോര്‍ 400 കടക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് ഇംഗ്ലണ്ട് 368ന് ഓള്‍ ഔട്ട് ആയി. എല്ലാവരും പുറത്താകുമ്പോഴും ഇംഗ്ലണ്ട് ഇന്നിങ്സില്‍ രണ്ട് ഓവര്‍ പിന്നെയും ബാക്കിയായിരുന്നു. സ്റ്റോക്സിന്‍റെ സെഞ്ച്വറിയും ഡേവിഡ് മലന്‍റെ 96ഉം കഴിഞ്ഞാല്‍ പിന്നെ ഇംഗ്ലണ്ട് നിരയില്‍ മറ്റാര്‍ക്കും കാര്യമായി ഒന്നും സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. ജോസ് ബട്‍ലര്‍(38) മാത്രമാണ് പിന്നീട് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ന്യൂസിലന്‍ഡിനായി ട്രെന്‍റ് ബൌള്‍ട്ട് അഞ്ച് വിക്കറ്റും ബെഞ്ചമിന്‍ ലിസര്‍ മൂന്ന് വിക്കറ്റും നേടി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News