ഐ.പി.എൽ മെഗാലേലത്തിനുള്ള കളിക്കാരുടെ പട്ടികയിൽ ബംഗാൾ കായികമന്ത്രിയും

2020-ലെ ലേലപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും തിവാരിയെ അത്തവണ ആരും വാങ്ങിയിരുന്നില്ല

Update: 2022-02-12 04:02 GMT
Editor : Dibin Gopan | By : Web Desk
Advertising

മുൻഇന്ത്യൻ താരവും പശ്ചിമ ബംഗാൾ സർക്കാരിലെ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ മനോജ് തിവാരി ഈ വർഷത്തെ ഐപിഎൽ മെഗാലേലത്തിനുള്ള കളിക്കാരുടെ ചുരുക്കപ്പട്ടികയിൽ. 50 ലക്ഷമാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില. ഡൽഹി ഡെയർ ഡെവിൾസ് (ഡൽഹി ക്യാപ്പിറ്റൽസ്), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റൈസിങ് പുണെ സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിങ്സ് ടീമുകൾക്കായി ഐപിഎല്ലിൽ 98 മത്സരങ്ങൾ കളിച്ചിട്ടുള്ളയാളാണ് തിവാരി. ഏഴ് അർധ സെഞ്ചുറികളടക്കം 1695 റൺസും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2018-ൽ പഞ്ചാബ് ടീമിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി ഐപിഎല്ലിൽ കളിച്ചത്. 2020-ലെ ലേലപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും തിവാരിയെ അത്തവണ ആരും വാങ്ങിയിരുന്നില്ല. ഈ വർഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ബംഗാളിന്റെ 21 അംഗ സ്‌ക്വാഡിലും തിവാരിയുടെ പേര് ഉണ്ടായിരുന്നു.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ബംഗാളിന്റെ 21 അംഗ രഞ്ജി ട്രോഫി സ്‌ക്വാഡിലാണ് മുപ്പത്തിയാറുകാരനായ മനോജ് തിവാരി ഇടം പിടിച്ചിരുന്നത്. ഒരു സംസ്ഥാനത്തെ കായിക മന്ത്രിയായി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോൾ രഞ്ജി ട്രോഫി ടീമിൽ ഇടം പിടിക്കുന്ന താരമെന്ന അപൂർവ്വ നേട്ടം തിവാരിക്ക് സ്വന്തമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വർഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന താരം ശിബ്പ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതു വരെ 125 മത്സരങ്ങൾ കളിച്ചിട്ടുള്ള മനോജ് തിവാരി 50.36 ബാറ്റിംഗ് ശരാശരിയിൽ 8965 റൺസാണ് നേടിയിട്ടുള്ളത്. 27 സെഞ്ചുറികളും ഈ ഫോർമ്മാറ്റിൽ താരം സ്‌കോർ ചെയ്തു. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 12 ഏകദിനങ്ങളും, 3 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള തിവാരി ഏറ്റവും അവസാനം ക്രിക്കറ്റ് മൈതാനത്തിറങ്ങിയത് 2020-21 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു.

ടീമുകൾ നിലനിർത്തിയ താരങ്ങൾ ഇവരാണ്

പഞ്ചാബ് കിങ്സ്: മായങ്ക് അഗർവാൾ, ഷർഷദീപ് സിങ്.

സൺറൈസേഴ്സ് ഹൈദരാബാദ്: കെയ്ൻ വില്യംസൺ, ഉംറാൻ മാലിക്, അബ്ദുസ്സമദ്.

രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ, ജോസ് ബട്ലർ, യശസ്വി ജെയ്സ്വാൾ.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ് സിറാജ്.

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, കീറൺ പൊള്ളാർഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്.

ചെന്നൈ സൂപ്പർ കിങ്സ്: എം.എസ്. ധോണി, രവീന്ദ്ര ജദേജ, മുഈൻ അലി, ഋതുരാജ് ഗെയ്ക്വാദ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, വരുൺ ചക്രവർത്തി.

ഡൽഹി കാപിറ്റൽസ്: ഋഷഭ് പന്ത്, അക്സർ പട്ടേൽ, പൃഥ്വി ഷാ, ആന്റിച് നോർട്യേ.

ലഖ്നോ സൂപ്പർ ജയന്റ്സ്: ലോകേഷ് രാഹുൽ, മാർകസ് സ്റ്റോയ്നിസ്, രവി ബിഷ്ണോയ്.

ഗുജറാത്ത് ടൈറ്റൻസ്: ഹർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, ശുഭ്മൻ ഗിൽ

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News