അർഷ്ദീപ് ഇന്ത്യയുടെ അഭിമാനം, എല്ലാവരും കൂടെ നിൽക്കണം: ബി.ജെ.പി

'അർഷ്ദീപ് ഇന്ത്യയുടെ അഭിമാനമാണ്. പഞ്ചാബിൽ നിന്നുള്ള വളർന്നുവരുന്ന താരമാണ് അദ്ദേഹം, ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തോടൊപ്പം നിൽക്കണം'

Update: 2022-09-06 10:53 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: രൂക്ഷമായ സൈബര്‍ ആക്രമണങ്ങളില്‍ ക്രിക്കറ്റ് താരം അർഷ്ദീപ് സിങിന് പിന്തുണയുമായി ബി.ജെ.പി. അര്‍ഷ്ദീപിനെ ഇന്ത്യയുടെ അഭിമാനം എന്നാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് വിശേഷിപ്പിച്ചത്. ഇടംകൈയ്യൻ ബൗളർക്കൊപ്പം ഓരോ പൗരനും നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ദുബായിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ക്യാച്ച് കൈവിട്ടതിന് ശേഷമാണ് അർഷ്ദീപ് സിംഗിനെതിരെ ഒരു വിഭാഗം രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ വിക്കിപീഡിയ പേജ് വരെ തിരുത്തി ഖലിസ്ഥാനി എന്നാക്കിയിരുന്നു.

'അർഷ്ദീപ് ഇന്ത്യയുടെ അഭിമാനമാണ്. പഞ്ചാബിൽ നിന്നുള്ള വളർന്നുവരുന്ന താരമാണ് അദ്ദേഹം, ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തോടൊപ്പം നിൽക്കണം. വിദ്വേഷ പ്രസ്താവനകൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം- ചുഗ് പറഞ്ഞു. പഞ്ചാബില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറിയാണ് ചുഗ്. സംഭവത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വിക്കിപീഡിയയോട് വിശദീകരണം തേടിയതിനെ അദ്ദേഹം സ്വാഗതം ചെയ്യുന്നു. 

#IStandWithArshdeep എന്ന ക്യാമ്പയിനും ട്വിറ്ററില്‍ സജീവമാണ്. പാർട്ടി ഭേദമില്ലാതെ പഞ്ചാബിലെ നേതാക്കളും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയയിലെ കമന്റുകൾ കണ്ടിട്ട് ചിരിയാണ് വരുന്നതെന്നായിരുന്നു താരം കുടുംബത്തെ വിളിച്ചുപറഞ്ഞത്. അർഷ്‍ദീപിന്റെ അച്ഛൻ ദർശൻ, അമ്മ ബാൽജീത് എന്നിവരാണ് വൻ വിമർശനങ്ങൾക്കു പിന്നാലെയുള്ള താരത്തിന്റെ പ്രതികരണം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. എല്ലാ വിമർശനങ്ങളെയും സമനിലയോടെ സ്വീകരിക്കുകയാണ് അർഷ്‍ദീപ് ചെയ്തതെന്ന് ദർശൻ പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News