'ആ കിരീടം തിരിച്ചുപിടിക്കും'; ബോർഡർ-ഗവാസ്‌കർ ട്രോഫി ആഷസിന് തുല്യമെന്ന് സ്റ്റാർക്ക്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ നിലവിൽ ഇന്ത്യ ഒന്നാമതും ആസ്‌ത്രേലിയ രണ്ടാമതുമാണ്.
സിഡ്‌നി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ നിലവിൽ ഇന്ത്യ ഒന്നാമതും ആസ്‌ത്രേലിയ രണ്ടാമതുമാണ്. റെഡ്‌ബോൾ ക്രിക്കറ്റിൽ സ്ഥിരത പുലർത്തുന്ന രണ്ട് ടീമുകൾ. ഇതോടെ ഇരുടീമുകളും നേർക്കുനേർ വരുന്നത് ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ വർഷമവസാനമാണ് ഇന്ത്യ-ആസ്‌ത്രേലിയ ടെസ്റ്റ് പരമ്പരയായ ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് അരങ്ങുണരുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇരുടീമുകൾക്കും നിർണായകമാണ്.
മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ഓസീസ് മണ്ണിൽ അഞ്ച് മത്സര പരമ്പര കളിക്കുന്നത്. ഇരുടീമുകളും തമ്മിലുള്ള മത്സരം ആഷസിന് സമാനമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്. ഇന്ത്യൻ ടീം ശക്തമാണെന്നറിയാം. എന്നാൽ സ്വന്തംനാട്ടിൽ നടക്കുന്ന മത്സരങ്ങൾ വിജയിക്കണമെന്നാണ് ആഗ്രഹം. ഈ മത്സരത്തിനായി കാത്തിരിക്കുകയാണ്''-സ്റ്റാർക്ക് പറഞ്ഞു. ജനുവരി 8ന് കിരീടം സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാർക്ക് പറഞ്ഞു.
അതേസമയം, ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയാണ് ഇതുവരെ ആധിപത്യം പുലർത്തിയത്. 2014-15 വർഷം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2018-19, 2020-21 സീസണിലും ഓസീസ് പരാജയം രുചിച്ചു. 34 കാരനായ ഓസീസ് പേസർക്ക് 11 മത്സരങ്ങൾ കൂടി കളിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരം എന്ന നാഴികകല്ല് തൊടാനാകും.