ടെസ്റ്റ് റാങ്കിങ്: ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ബുംറ, മൂന്നാംസ്ഥാനത്തേക്ക് കയറി ജയ്സ്വാൾ
ന്യൂഡൽഹി: കറാച്ചി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ റാങ്കിങ്ങിൽ കുതിച്ചുകയറ്റവുമായി ഇന്ത്യൻ താരങ്ങൾ. മികച്ച ബൗളിങ്ങിലൂടെ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയുടെത്തന്നെ രവിചന്ദ്രൻ അശ്വിനെ പിന്തള്ളിയാണ് ബുംറയുടെ നേട്ടം. വെറും 11 മത്സരങ്ങൾ മാത്രം കളിച്ച യശസ്വി ജയ്സ്വാൾ ബാറ്റിങ് റാങ്കിങ്ങിൽ മൂന്നാംസ്ഥാനത്തേക്ക് കയറി.
870 പോയന്റുള്ള ബുംറക്ക് പിന്നിൽ ഒരു പോയന്റ് മാത്രം വ്യത്യാസത്തിലാണ് അശ്വിനുള്ളത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ശ്രീലങ്കയുടെ ഇടംകൈയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യ ഏഴാംസ്ഥാനത്തേക്ക് കയറിയതാണ് മറ്റൊരു പ്രധാന മുന്നേറ്റം. ടെസ്റ്റ് ബൗളിങ് റൗങ്കിങ്ങിൽ ആസ്ട്രേലിയയുടെ ജോഷ് ഹേസൽ വുഡ് മൂന്നാമതും പാറ്റ് കമ്മിൻസ് നാലാമതുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയാണ് അഞ്ചാമത്. ആറാമതുള്ള രവീന്ദ്ര ജദേജയാണ് മറ്റൊരു ഇന്ത്യൻ താരം.
ബാറ്റിങ്ങിൽ ഇംഗ്ലീഷ് താരം ജോറൂട്ട് ഒന്നാംസ്ഥാനത്ത് തുടരുന്നു. ന്യൂസിലാൻഡിന്റെ കെയ്ൻ വില്യംസണാണ് രണ്ടാമത്. ഇന്ത്യയുടെ വിരാട് കോഹ്‍ലി ആറാമതും ഋഷഭ് പന്ത് ഒൻപതാമതുമുണ്ട്. ഈ വർഷം ഫ്രെബുവിൽ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളറായി ബുംറ മാറിയിരുന്നു. മുമ്പ് 1979-1980 സീസണിൽ കപിൽ ദേവ് രണ്ടാമതെത്തിയതായിരുന്നു പേസ് ബൗളിങ്ങിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.