ഐസിസി ടെസ്റ്റ് റാങ്കിങിൽ ജസ്പ്രീത് ബുംറ ഒന്നാമത്; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പേസർ
ദക്ഷിണാഫ്രിക്കൻ ബൗളർ കഗിസോ റബാഡയാണ് രണ്ടാമത്.
മുംബൈ: ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐ.സി.സി റാങ്കിങിൽ ഒന്നാംസ്ഥാനത്തെത്തി ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറ. ആദ്യമായാണ് ഒരു ഇന്ത്യൻ പേസർ ടെസ്റ്റ് റാങ്കിങ് തലപ്പത്ത് എത്തുന്നത്. ആദ്യ ഇന്നിങ്‌സിൽ ആറും രണ്ടാം ഇന്നിങ്‌സിൽ മൂന്നും വിക്കറ്റും നേടി 30 കാരൻ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. മത്സരത്തിലെ മാൻഓഫ്ദി മാച്ച് പുരസ്‌കാരവും ബുംറക്കായിരുന്നു. വിശാഖപട്ടണത്ത് ഇംഗ്ലണ്ട് മുൻ നിര ബാറ്റർ ഒലി പോപ്പിനെ ക്ലീൻ ബൗൾഡാക്കിയ പ്രകടനം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആറുവർഷത്തെ ടെസ്റ്റ് കരിയറിൽ നിലവിൽ ഏറ്റവും ഉയർന്ന 881 ആണ് തരത്തിന്റെ റേറ്റിങ് പോയന്റ്. 851 റേറ്റിങുള്ള ദക്ഷിണാഫ്രിക്കൻ ബൗളർ കഗിസോ റബാഡയാണ് രണ്ടാമത്. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യൻ വെറ്റററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആസ്‌ത്രേലിയയുടെ പാറ്റ് കമ്മിൻസും ജോഷ് ഹെയ്‌സൽവുഡുമാണ് നാലും അഞ്ചും സ്ഥനത്ത്. ഒൻപതാം സ്ഥാനത്തുള്ള ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. രണ്ടാം ടെസ്റ്റിലെ ഡബിൾ സെഞ്ചുറി പ്രകടനം യശ്വസി ജയ്‌സ്വാളിനെ റാങ്കിങിൽ മുന്നിലെത്തിച്ചു. 37 സ്ഥാനങ്ങൾ ചാടികടന്ന് 29ാം റാങ്കിലാണ് താരമിപ്പോൾ. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസണാണ് ഒന്നാമത്. ഏഴാം റാങ്കിലുള്ള വിരാട് കോഹ് ലിയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം