റിസ്‌വാന് അർധസെഞ്ച്വറി; ട്വന്റി 20 ലോകകപ്പിൽ പാകിസ്താന് ആദ്യ ജയം
പാകിസ്താൻ 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ന്യൂയോർക്ക്: ടി20 ലോകകപ്പിൽ കാനഡയെ ഏഴ് വിക്കറ്റിന് തകർത്ത് പാകിസ്താൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കാനഡ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടിയത്. 44 പന്തിൽ 52 റൺസെടുത്ത ആരോൺ ജോൺസണാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ പാകിസ്താൻ 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. മുഹമ്മദ് റിസ്‌വാൻ അർധസെഞ്ച്വറിയുമായി (53) പുറത്താകാതെ നിന്നു.
നസാവു കൗണ്ടി സ്റ്റേഡിയത്തിൽ ചെറിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ പാകിസ്താന് അഞ്ചാം ഓവറിൽ തന്നെ സെയിം അയൂബിന്റെ (6) വിക്കറ്റ് നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റിൽ ബാബർ അസം (33) റിസ്വാൻ സഖ്യം 63 റൺസ് കൂട്ടിചേർത്തു. 15-ാം ഓവറിൽ ബാബർ മടങ്ങിയെങ്കിലും മുൻ ചാമ്പ്യൻമാർ വിജയത്തോടടുത്തിരുന്നു. മൂന്ന് റൺസ് അകലെ ഫഖർ സമാന്റെ (4) വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. എങ്കിലും ഉസ്മാൻ ഖാനെ (2) കൂട്ടുപിടിച്ച് റിസ്വാൻ പാകിസ്ഥാനെ ആദ്യ വിജയത്തിലേക്ക് നയിച്ചു. കാനഡയ്ക്ക് വേണ്ടി ധില്ലൺ ഹെയ്ലിഞ്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ കാനഡയുടെ തുടക്കം മികച്ചതായില്ല. ക്യാപ്റ്റന് സാദ് ബിൻ സഫർ (10), കലീം സന (11) എന്നിവർക്ക് മാത്രമാണ് കാനഡ നിരയിൽ രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ആദ്യ ആറ് താരങ്ങൾ അഞ്ച് പേർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. നവ്‌നീത് ധലിവാൽ (4), പ്രഗത് സിംഗ് (2), നിക്കോളാസ് കിർടോൺ (1), ശ്രേയസ് മൊവ്വ (2), രവീന്ദ്രപാൽ സിംഗ് (0) എന്നിവർ വേഗത്തിൽ കൂടാരം കയറി. ഇതോടെ ഒരുഘട്ടത്തിൽ 55 റൺസ് എന്നനിലയിലായി കാനഡ. പാകിസ്താനായി മുഹമ്മദ് ആമിർ, ഹാരിസ് റൗഫ് എന്നിവർ രണ്ട് വീതം വീക്കറ്റ് വീഴ്ത്തി.