'തോറ്റമ്പി' ക്യാപിറ്റല്‍സ്; പഞ്ചാബിന് 31 റണ്‍സ് ജയം
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സാണ് നേടിയത്. എന്നാൽ ഡൽഹിയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസില്‍ അവസാനിച്ചു
ഡല്‍ഹി: ഐ.പി.എൽ മത്സരത്തിൽ പഞ്ചാബിനോട് 31 റൺസിന് തോറ്റ് ഡൽഹി കാപിറ്റൽസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സാണ് നേടിയത്. എന്നാൽ ഡൽഹിയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസില്‍ അവസാനിച്ചു.
നാല് ഓവറില്‍ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹർപ്രീത് ബ്രാറാണ് ഡൽഹിയെ തളര്‍ത്തിത്. രാഹുൽ ചാഹർ നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നതാൻ എല്ലിസ് നാല് ഓവറില്‍ 26 റൺസ് വഴങ്ങി, രണ്ടുപേരെ പുറത്താക്കി.
നായകൻ ഡേവിഡ് വാർണർ ഒഴികെ ബാറ്റർമാരുടെയെല്ലാം പ്രകടനം ദയനീയമായിരുന്നു. 27 പന്തുകളിൽ 54 റൺസെടുത്ത വാർണർ പത്ത് ഫോറുകളും ഒരു സിക്സും പായിച്ചു.
20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് സന്ദർശകർ 167 റൺസടിച്ചത്. ഓപ്പണർ പ്രഭ്സിമ്രാൻ സിംഗിന്റെ തകർപ്പൻ സെഞ്ച്വറി ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ആറു സിക്സും പത്ത് ഫോറുമടക്കമാണ് സിംഗ് സെഞ്ച്വറിയടിച്ചത്. 20 റൺസ് നേടിയ സാം കറണും 11 റൺസ് നേടിയ സിക്കന്തർ റാസയും മാത്രമാണ് ടീമിൽ നിന്ന് രണ്ടക്കം കണ്ട മറ്റു ബാറ്റർമാർ.
ബാക്കിയുള്ളവരെല്ലൊം അമ്പേ പരാജയപ്പെട്ടു. നായകൻ ശിഖർ ധവാൻ (7), ലിയാം ലിവിങ്സ്റ്റൺ(4), വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ(5), ഹർപ്രീത് ബ്രാർ(2), ഷാരൂഖ് ഖാൻ (2) എന്നിങ്ങനെ പേരുകേട്ട ബാറ്റർമാരെല്ലാം വന്നതുപോലെ തിരിച്ചുനടന്നു. നൂറാം ഐ.പി.എൽ മത്സരം കളിക്കുന്ന ഇശാന്ത് ശർമ ഡൽഹിക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
ധവാന്റെയും ലിവങ്സ്റ്റണിന്റെയും വിക്കറ്റുകളാണ് താരം നേടിയത്. ധവാനെ റൂസ്സോയുടെ കയ്യിലെത്തിച്ചപ്പോൾ ലിവിങ്സ്റ്റണെ ബൗൾഡാക്കി. സെഞ്ച്വറി നേടിയ പ്രഭ്സിമ്രാനെ മുകേഷ് കുമാർ ബൗൾഡാക്കി. അക്സർ പട്ടേൽ, പ്രവീൺ ദുബെ, കുൽദീപ് യാദവ് എന്നിവരും ഓരോ വിക്കറ്റ് വീതം നേടി. ഷാരൂഖ് ഖാനെ ഫിൽ സാൾട്ട് റണ്ണൗട്ടാക്കി