'ഇഷ്ട ജേഴ്‌സിയിൽ 15 വർഷം' ഇന്ത്യൻ ടീമിലെത്തിയതിന്റെ വാർഷികത്തിൽ കുറിപ്പുമായി രോഹിത് ശർമ
35 കാരനായ താരം 2007 ജൂൺ 23നായിരുന്നു ആദ്യ അന്താരാഷ്ട്ര ഏകദിനത്തിൽ കളിച്ചത്
ഇന്ത്യൻ ദേശീയ ടീം ജഴ്‌സിയിൽ 15 വർഷം തികച്ച ദിനത്തിൽ പ്രത്യേക കുറിപ്പുമായി ക്യാപ്റ്റൻ രോഹിത് ശർമ. 35 കാരനായ താരം 2007 ജൂൺ 23നായിരുന്നു ആദ്യ അന്താരാഷ്ട്ര ഏകദിനത്തിൽ കളിച്ചത്. ബെൽഫാസ്റ്റിൽ അയർലാൻഡിനെതിരെയായിരുന്നു മത്സരം. ഈ സാഹചര്യത്തിലാണ് ദേശീയ ടീമിനൊപ്പമുള്ള യാത്രയിലെ ഓർമകളുമായി താരമെത്തിയത്. ട്വിറ്ററിലായിരുന്നു ഹിറ്റ്മാന്റെ പ്രതികരണം.
''ഹലോ എവരിവൺ. ഇന്ത്യക്കായി അരങ്ങേറിയ ശേഷം ഇന്നത്തെ ദിവസത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഞാൻ 15 വർഷം തികയ്ക്കുകയാണ്. ഇത് വല്ലാത്തൊരു പ്രയാണമായിരുന്നു. എന്റെ ബാക്കി ജീവിതത്തിലും ഞാൻ ഈ യാത്രയെ കൂടെക്കൊണ്ട് നടക്കും'' ട്വിറ്ററിൽ 'ഇഷ്ട ജേഴ്‌സിയിൽ 15 വർഷം' എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത കത്തിൽ രോഹിത് പറഞ്ഞു.
''ഈ യാത്രയുടെ ഭാഗമായിരുന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എന്നെ ഇന്ന് കാണുന്ന താരമാക്കാൻ സഹായിച്ച ജനങ്ങളോട് പ്രത്യേക നന്ദി അറിയിക്കുന്നു.'' ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനായൊരുങ്ങുന്ന രോഹിത് വ്യക്തമാക്കി.
''നമുക്ക് മുമ്പിലുള്ള തടസ്സങ്ങൾ ക്രിക്കറ്റ് പ്രേമികളുടെയും ആരാധകരുടെയും വിമർശകരുടെയും പിന്തുണയോടെയാണ് മറികടക്കുന്നത്. നന്ദി' രോഹിത് ശർമ കുറിച്ചു.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിന് മുന്നോടിയായി ഇന്ന് നടക്കുന്ന ലെസ്റ്റർഷയറിനെതിരെയുള്ള നാലു ദിന പരിശീലന മത്സരത്തിൽ രോഹിതാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ചേതേശ്വർ പൂജാര, റിഷബ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരൊക്കെ ലെസ്റ്റർഷയറിനായി കളിക്കുന്നുണ്ടെന്നത് കൗതുകകരമാണ്. ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് തുടങ്ങുന്നത്. കോവിഡ് മൂലം മുമ്പ് നിർത്തിവെച്ച പരമ്പരയുടെ ഭാഗമാണ് ഈ ടെസ്റ്റ്. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.
Captain Rohit Sharma with special note on 15th anniversary of India Debut