ക്യാപ്റ്റൻ ഷോ; രാഹുലിന് വീണ്ടും സെഞ്ച്വറി; മുംബൈക്ക് 169 റൺസ് വിജയലക്ഷ്യം
ആദ്യ ഘട്ടത്തിൽ കരുതലോടെ മുന്നേറിയെങ്കിലും രാഹുലിന്റെ വെടിക്കെട്ട് ബാറ്റിംങ്ങിനു മുന്നിൽ മുംബൈയ്ക്ക് പിടിച്ചു നിൽക്കാനായില്ല
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയുള്ള മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മോശം തുടക്കം. സീസണിലെ ആദ്യം ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിന് 169 റൺസാണ് വിജയലക്ഷ്യം. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ കരുതലോടെ മുന്നേറിയെങ്കിലും രാഹുലിന്റെ വെടിക്കെട്ട് ബാറ്റിംങ്ങിനു മുന്നിൽ മുംബൈയ്ക്ക് പിടിച്ചു നിൽക്കാനായില്ല. രാഹുലിന്റെ സെഞ്ച്വറിയാണ് (62 പന്തിൽ 103 റൺ) മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ലഖ്‌നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിന് നാലാം ഓവറിൽ ഡി കോക്കിനെ 10 (9) ആദ്യം നഷ്ടമായിരുന്നു.
ഡി കോക്കിന് ശേഷം കളത്തിലറങ്ങിയ മനിഷ് പാണ്ടെയ്ക്ക് മത്സത്തിൽ തിളങ്ങാൻ സാധിച്ചില്ല. 22 പന്തിൽ 22 റൺസ് മാത്രമാണ് അദ്ദേഹത്തിന് അടിച്ചു കൂട്ടാനായത്. പാണ്ടെയ്ക്കു പിന്നാലെ മാർക്കസ് സ്റ്റോയിനിസ് മൂന്ന് റൺസ് മാത്രമെടുത്ത് കളം വിട്ടു. ശേഷം കളത്തിലിറങ്ങിയ ക്രുണാൽ പാണ്ഡ്യയ്ക്കും ( 2 പന്തിൽ 1 റൺ) തിളങ്ങാനായില്ല. ക്രുണാൽ പാണ്ഡ്യക്കു പുറമെ ദീപക് ഹൂഡ (9 പന്തിൽ 10 റൺ), ആയുഷ് ബഡോനി (11 പന്തിൽ 14 റൺസ് ) എന്നിവരും പുറത്തായി. നാല് ഓവറിൽ 40 റൺസ് വിട്ടുകൊടുത്ത് റിലേ പാട്രിക് മെറിഡിത്ത് 2 വിക്കറ്റ് നേടി. മുംബൈയ്ക്കായി കീറോൺ പൊള്ളാർഡ് രണ്ടും ജസ്പ്രീത് ബുമ്ര, ഡാനിയൽ സാംസ്, എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.