'ആദ്യ പന്തിൽ ഔട്ടായി, കാർ മോഷ്ടിക്കപ്പെട്ടു,വല്ലാത്തൊരു ദിവസം': സങ്കടം പറഞ്ഞ് ബ്രാത്ത്‌വെയിറ്റ്
പരിക്കിന്റെ പിടിയിലായിരുന്ന ബ്രാത്ത്‌വെയിറ്റ് നീണ്ട ഇടവേളക്ക് ശേഷമാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്.
ലണ്ടൻ: വെടിക്കെട്ട് ബാറ്റിങിന് പേര് കേട്ട കളിക്കാരനാണ് വെസ്റ്റ്ഇൻഡീസിന്റെ കാർലോസ് ബ്രാത്ത്‌വെയിറ്റ്. എന്നാൽ ബെർമിങ്ഹാം ഡിസ്ട്രിക്ട് പ്രീമിയർ ലീഗിൽ അദ്ദേഹത്തിന്റെ ആദ്യ ദിവസം കയ്‌പ്പേറിയതായിരുന്നു. മത്സരത്തിൽ പൂജ്യത്തിനാണ് ബ്രാത്ത്‌വെയിറ്റ് പുറത്തായത്. പിന്നാലെ അദ്ദേഹത്തിന്റെ കാർ മോഷണം പോയി.
പരിക്കിന്റെ പിടിയിലായിരുന്ന ബ്രാത്ത്‌വെയിറ്റ് നീണ്ട ഇടവേളക്ക് ശേഷമാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെന്റായ ടി20 ബ്ലാസ്റ്റിൽ, ബെർമിങ്ഹാം ബിയേഴ്‌സിന്റെ നായകനായി അദ്ദേഹം അരങ്ങേറാനിരിക്കുകയാണ്. അതിനിടെ പരിശീലനം എന്ന നിലയ്ക്കാണ് ബിർമിങ്ഹാം ഡിസ്ട്രിക്ട് പ്രീമിയർ ലീഗിൽ ഒരു പ്രാദേശിക ക്ലബ്ബിന് വേണ്ടി അദ്ദേഹം ബാറ്റേന്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ താരം പുറത്താകുകയും ചെയ്തു. അതിന്റെ നിരാശയിൽ നിൽക്കെയാണ് താരത്തിന്റെ കാർ മോഷ്ടാക്കൾ കടത്തിയത്. ബ്രാത്ത്‌വെയിറ്റ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
'എന്തൊരു ദിനമായിരുന്നു ഇന്നലെ, പരിക്കേറ്റ ആറു മാസത്തിന് ശേഷമാണ് ഞാൻ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. ആദ്യ പന്തിൽ തന്നെ ഡക്കായി, കാർ മോഷ്ടിക്കപ്പെട്ടു'. ഇമോജികളുടെ അകമ്പടിയോടെ അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാൽ നിങ്ങൾക്കറിയുമോ, ഇന്ന് ഉറക്കമുണർന്നപ്പോൾ സൂര്യൻ തിളങ്ങുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം മത്സരത്തിലേക്ക് വന്നാലും ബ്രാത്ത്‌വെയിറ്റിന് കഷ്ടകാലമാണ്. പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. 31 റൺസ് വിട്ടുകൊടുക്കുകയും ചെയ്തു. മാത്രമല്ല മത്സരത്തിൽ ബ്രാത്ത് വെയിറ്റിന്റെ ടീം തോൽക്കുകയും ചെയ്തു.
ഒരുഘട്ടത്തില്‍ കാര്‍ലോസ് ബ്രാത്ത്‌വെയിറ്റ് കരീബിയന്‍ ടീമിനെ നയിച്ചിരുന്നു. 2016 ട്വന്റി–20 ലോകകപ്പിലെ ഫൈനല്‍ മത്സരത്തിലെ അവിശ്വസനീയ പ്രകടനമാണ് ഈ കരീബിയന്‍ ബാറ്റ്‌സ്മാന് തുണയായിരുന്നത്. ഇംഗ്ലണ്ട് മത്സരം ജയിച്ചുവെന്ന് കരുതിയിരുന്നപ്പോഴാണ് ബ്രാത്ത്‌വെയിറ്റിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ക്രിക്കറ്റ് ലോകം കണ്ടത്. മത്സരത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലീഷ് താരം ബെന്‍സ്റ്റോക്കിനെ തുടര്‍ച്ചയായി നാല് പന്തുകള്‍ സിക്‌സ് പറത്തി ബ്രാത്ത്‌വെയ്‌റ്റ് വിന്‍ഡീസിന് ലോകകപ്പ് നേടിക്കൊടുക്കുകയായിരുന്നു.
Summary- Carlos Brathwaite gets first ball duck and has car stolen