ക്യാച്ച് എടുത്തു, ബൗണ്ടറി ലൈനിലും തട്ടിച്ചു: സിറാജിന്റെ പിഴവിൽ ചൂടായി രോഹിതും ദീപകും
മത്സരത്തിൽ 49 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.
ഇൻഡോർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യയുടെ സിറാജ് വരുത്തിയ പിഴവ് ആരാധകരെ രോഷം കൊള്ളിക്കുന്നു . മത്സരത്തിൽ 49 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഡേവിഡ് മില്ലറിന്റെ ക്യാച്ചാണ് സിറാജ് അശ്രദ്ധ മൂലം നഷ്ടപ്പെടുത്തിയത്. പന്ത്, മനോഹരമായി സിറാജ് കൈപ്പിടിയിലൊതുക്കിയെങ്കിലും പിന്നോട്ട് എടുത്ത സ്റ്റെപ് പിഴച്ചു.
ബൗണ്ടറി ലൈനിൽ കാൽ തട്ടുകയും ചെയ്തു. ഇതിൽ നായകൻ രോഹിത് ശർമ്മയുടെയും ബൗളർ ദീപക് ചാഹറിന്റെയും നീരസം പ്രകടമായിരുന്നു. ചാഹർ ദേഷ്യത്തോടെ സംസാരിക്കുന്നത് ടെലിവിഷൻ റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നാൽ ബൗളിങിലും സിറാജിന് തിളങ്ങാനായില്ല. നാല് ഓവർ എറിഞ്ഞ സിറാജ് വിട്ടുകൊടുത്തത് 44 റൺസാണ്. വിക്കറ്റൊന്നും നേടാനായില്ല.
ബാറ്റ് ചെയ്യാനും സിറാജിന് അവസരം ലഭിച്ചു. ഏഴ് പന്തുകൾ നേരിട്ട സിറാജ് ഒരു ബൗണ്ടറി നേടി. അഞ്ച് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. മത്സരത്തിൽ 49 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 228 എന്ന കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ബാറ്റ് ചെയ്ത ഇന്ത്യക്ക് 178 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യൻ നിരയിൽ 46 റൺസ് നേടിയ ദിനേശ് കാർത്തിക്കാണ് ടോപ് സ്‌കോറർ. റിഷബ് പന്ത് 27 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി റീലി റൂസോ സെഞ്ച്വറി നേടി. 48 പന്തുകളിൽ നിന്ന് എട്ട് സിക്‌സറുകളും ഏഴ് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഓപ്പണർ ഡി കോക്ക് 68 റൺസ് നേടി റൂസോക്ക് പിന്തുണ കൊടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ 2-0ത്തിന് സ്വന്തമാക്കിയിരുന്നു.
Siraj really deserve that 🤬 pic.twitter.com/6ev3TOVVnM
— Raga (@Raga_07) October 4, 2022