ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ പ്ലേ ഓഫില്‍
ചെന്നൈയുടെ വിജയം ആറ് വിക്കറ്റിന്
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് ഐ.പി.എല്‍ 14 ാം സീസണിന്‍റെ പ്ലേ ഓഫില്‍ കടന്നു. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക് വാദിന്‍റേയും ഫാഫ് ഡുപ്ലെസിസിന്‍റേയും പ്രകടനങ്ങളാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ഋതുരാജ് ഗെയ്ക് വാദ് 45 റണ്‍സും ഡുപ്ലെസിസ് 41 റണ്‍സുമെടുത്തു. 19 ാം ഓവറിലെ നാലാം പന്തില്‍ സിക്സര്‍ നേടി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയാണ് ചെന്നൈയുടെ വിജയം രാജകീയമാക്കിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഹൈദരാബാദിന് 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രാജസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ജേസണ്‍ റോയ് തുടക്കത്തില്‍ തന്നെ പുറത്തായതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ഓപ്പണറായി ഇറങ്ങിയ വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറര്‍. 46 പന്ത് നേരിട്ട് സാഹ 44 റണ്‍സെടുത്തു. ചെന്നൈയ്ക്കായി ഹേസല്‍വുഡ് മൂന്നു വിക്കറ്റും ഡ്വെയിന്‍ ബ്രാവോ രണ്ടു വിക്കറ്റും നേടിയപ്പോള്‍ ശര്‍ദുല്‍ ഠാക്കൂര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഈ മത്സരത്തോടെ ഹൈദരാബാദ് ഐ.പി.എല്‍ 14 ാം സീസണില്‍ നിന്ന് പുറത്തായി.