'എനിക്ക് വേണ്ടത്ര ബഹുമാനം കിട്ടിയില്ല'; ഐ.പി.എല്ലിൽ പങ്കെടുക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കി ക്രിസ് ഗെയ്ൽ
ഐ.പി.എല്ലിന്റെ അടുത്ത സീസണിൽ താൻ തിരിച്ചെത്തുമെന്നും ആർ.സി.ബി - പഞ്ചാബ് എന്നീ ടീമുകളിലേതെങ്കിലും ഒന്നിനായി കിരീടം നേടണമെന്നും ഗെയ്ൽ
ഐ.പി.എല്ലിന്റെ 2022 സീസണിൽ പങ്കെടുക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കി വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്ൽ. ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണുകളിൽ വേണ്ടത്ര ബഹുമാനം കിട്ടാത്തത് ഇക്കുറി പങ്കെടുക്കാതിരിക്കാൻ കാരണമായെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. യു.കെയിലെ മിററിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കേഡുള്ള താരം കഴിഞ്ഞ മെഗാലേലത്തിൽ പങ്കെടുത്തിരുന്നില്ല.
ഐ.പി.എല്ലിനും ക്രിക്കറ്റിനും ഏറെ സംഭാവനകൾ നൽകിയിട്ടും ടൂർണമെൻറിൽ വേണ്ടത്ര പരിഗണന കിട്ടാതിരുന്നപ്പോൾ രംഗം വിടുകയായിരുന്നുവെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ അടുത്ത സീസണിൽ ഐ.പി.എല്ലിൽ തിരിച്ചെത്താനുള്ള സാധ്യത താരം തള്ളിക്കളഞ്ഞിട്ടില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നീ ടീമുകൾക്കായി കളിച്ച താരം ഏറ്റവുമൊടുവിൽ പഞ്ചാബ് കിങ്‌സിനായാണ് ക്രീസിലിറങ്ങിയത്.
ഐ.പി.എല്ലിന്റെ അടുത്ത സീസണിൽ താൻ തിരിച്ചെത്തുമെന്നും ആർ.സി.ബി - പഞ്ചാബ് എന്നീ ടീമുകളിലേതെങ്കിലും ഒന്നിനായി കിരീടം നേടണമെന്നും ഗെയ്ൽ ആഗ്രഹം പ്രകടിപ്പിച്ചു. ഐ.പി.എല്ലിൽ ആർ.സി.ബിക്കൊപ്പം ഏറെ വിജയങ്ങൾ നേടിയിട്ടുണ്ടെന്നും പഞ്ചാബുമായി നല്ല ബന്ധമുണ്ടെന്നും താരം പറഞ്ഞു.
ഐ.പി.എല്ലിൽ 142 മത്സരങ്ങൾ കളിച്ച ഗെയ്ൽ ആറു സെഞ്ച്വറികളടക്കം 4965 റൺസ് നേടിയിട്ടുണ്ട്. 148.96 പ്രഹരശേഷിയും 39.72 ശരാശരിയും ആരാധകരുടെ പ്രിയ ബോസിനുണ്ട്. ഐ.പി.എല്ലിൽ ഇപ്പോൾ കളത്തിലില്ലാത്ത പൂനെ വാരിയേസിനെതിരെ ആർ.സി.ബിക്കായി അദ്ദേഹം പുറത്താകാതെ നേടിയ 175 റൺസാണ് ടി20യിലെ ഏറ്റവും വലിയ സ്‌കോർ.
2021 ഒക്‌ടോബറിൽ പഞ്ചാബ് കിങ്‌സിലായിരുന്ന ക്രിസ് ഗെയ്ൽ ഐ.പി.എല്ലിൽ നിന്ന് മടങ്ങിയിരുന്നു. ലീഗിലെ ബയോയബിൾ സമ്മർദം മൂലമാണ് മടങ്ങുന്നതെന്നാണ് അന്ന് വിശദീകരണം നൽകിയിരുന്നത്. ആദ്യം കരീബിയൻ പ്രീമിർ ലീഗിലെ ബയോ ബബിളിലും പിന്നീട് ഐ.പി.എൽ ബബിളിലും ഭാഗമായിരുന്നതിനാൽ ടി-20 ലോകകപ്പിനു മുൻപ് മാനസികമായി ഉന്മേഷം വീണ്ടെടുക്കണമെന്ന് അദ്ദേഹം അറിയിച്ചിരുന്നുവെന്ന് പഞ്ചാബ് കിങ്‌സ് മാനേജ്‌മെൻറ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഗെയിൽ ഐ.പി.എൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതിൽ ടീമായ പഞ്ചാബ് കിങ്സിനെ കുറ്റപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ രംഗത്തെത്തിയിരുന്നു. ക്രിസ് ഗെയ്ലിനെ പോലൊരു സൂപ്പർ താരത്തെ അദ്ദേഹം അർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ പഞ്ചാബ് കിങ്സ് ടീമിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ഗെയ്ൽ ഐ.പി.എൽ വിട്ടതെന്നുമാണ് പീറ്റേഴ്‌സൺ പറഞ്ഞിരുന്നത്. ജന്മദിനത്തിന്റെ അന്നുപോലും ഗെയ്ലിനെ കളത്തിലിറക്കിയില്ലെന്നും പീറ്റേഴ്സൺ എടുത്തുകാണിച്ചിരുന്നു.
Chris Gayle explains why he did not participate in the IPL