അർഹിച്ച അംഗീകാരം ലഭിച്ചില്ല, അടുത്ത സീസണിൽ ഐപിഎല്ലിലേക്ക് തിരിച്ചെത്തും: ക്രിസ് ഗെയിൽ
'ക്രിക്കറ്റിന് ശേഷം ഒരു ജീവിതമുണ്ട്. ആ സാധാരണ ജീവിതത്തോട് ഇണങ്ങാനാണ് ഞാന്‍ ശ്രമിക്കുന്നത്'
മുംബൈ: 2022 ഐ.പി.എൽ സീസണിലെ നഷ്ടങ്ങളിലൊന്നാണ് ക്രിസ് ഗെയിലിന്റെ പിന്മാറ്റം. കഴിഞ്ഞ കുറച്ച് സീസണുകളിലായി ക്രിസ് ഗെയിൽ ഉണ്ടാക്കിയെടുത്ത ആരാധകകൂട്ടായ്മ അത്രത്തോളം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ സീസൺ ഐപിഎല്ലിലേക്ക് ഇല്ലെന്ന ഗെയിലിന്റെ പ്രഖ്യാപനം വേദനയോടെയാണ് ആരാധകർ കേട്ടത്. എന്നാൽ 2022 ഐ.പി.എല്ലിൽ നിന്ന് പിന്മാറാൻ കാരണമുണ്ടെന്ന് പറയുകയാണ് ക്രിസ് ഗെയിൽ.
കഴിഞ്ഞ ഏതാനും സീസണുകളിലെ ഐപിഎല്‍ അനുഭവം നോക്കുമ്പോള്‍ വേണ്ടവിധമല്ല എന്നോട് പെരുമാറിയതെന്ന് ക്രിസ് ഗെയില്‍ പറയുന്നു. 'ഐ.പി.എല്ലിനും ക്രിക്കറ്റിനായും ഇത്രയും ചെയ്തിട്ടും അതിനുള്ള ബഹുമാനം ലഭിക്കുന്നില്ലെങ്കില്‍ വിട്ടുനില്‍ക്കാം എന്ന് തീരുമാനിച്ചത് അതിനാലാണ്'- ഗെയ്ല്‍ പറഞ്ഞു. 'ക്രിക്കറ്റിന് ശേഷം ഒരു ജീവിതമുണ്ട്. ആ സാധാരണ ജീവിതത്തോട് ഇണങ്ങാനാണ് ഞാന്‍ ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ഞാന്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊൽക്കത്ത, ആർ.സിബി, പഞ്ചാബ് എന്നീ മൂന്ന് ടീമുകള്‍ക്ക് വേണ്ടിയാണ് ഞാന്‍ ക്രിക്കറ്റ് കളിച്ചത്. ആർസിബിയും പഞ്ചാബും കിരീടം നേടണമെന്ന് ആഗ്രഹിച്ചിരുന്നു. കരിയറില്‍ ആര്‍.സി.ബിക്ക് ഒപ്പമുള്ള സമയമാണ് നന്നായി ആസ്വദിച്ചതെന്നും ഗെയില്‍ കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്ലിൽ 142 മത്സരങ്ങളാണ് ക്രസ് ഗെയിൽ കളിച്ചിട്ടുള്ളത്. 4965 റൺസാണ് ക്രിസ് ഗെയിൽ നേടിയത്. ആറ് സെഞ്ച്വറിയും ഗെയിൽ നേടിയിട്ടുണ്ട്. ഐപിഎല്ലിൽ മറ്റൊരു ബാറ്ററും ഇത്രയും സെഞ്ച്വറി നേടിയിട്ടില്ല. 2013ൽ പൂനെ വാരിയേഴ്‌സിനെതിരെ നേടിയ 175 റൺസാണ് ഉയർന്ന വ്യക്തിഗത സ്‌കോർ. മറ്റൊരു ബാറ്റർക്കും ഇത്രയും റൺസ് കണ്ടെത്താനായിട്ടില്ല.
Summary-"Didn't Get The Respect I Deserved": Chris Gayle On Why He Opted Out Of IPL 2022