'ഉമ്രാൻ മാലിക് കളിയുടെ ഗതിമാറ്റാൻ കഴിയുന്ന ബൗളർ'- ലങ്കൻ പരിശീലകൻ ക്രിസ് സിൽവർവുഡ്

നാളെയാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയുമായുള്ള പരമ്പരയിലെ ഇന്ത്യയുടെ അവസാന ഏകദിനം

Update: 2023-01-14 10:39 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: ഇന്ത്യൻ താരം ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് ശ്രീലങ്കൻ പരിശീലകൻ ക്രിസ് സിൽവർവുഡ്. കളിയുടെ ഗതിമാറ്റാൻ കഴിയുന്ന ഫാസ്റ്റ് ബൗളറാണ് ഉമ്രാൻ മാലിക്കെന്ന് അദ്ദേഹം പറഞ്ഞു. 

''ശ്രീലങ്കൻ താരങ്ങളുടെ സ്ഥിരതയില്ലായ്മ പ്രശ്‌നമാണ്. പക്ഷേ ഓരോ മത്സരത്തിലും വ്യക്തിഗത പ്രകടനങ്ങൾ ഉണ്ടാകുന്നുണ്ട്. ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളായാണ് എല്ലാ പരമ്പരകളെയും ടീം കാണുന്നത്. നാളത്തെ മത്സരത്തിൽ ടീം ജയിക്കും. പരിക്ക് ഭേദമാകാത്തതിനാൽ ശ്രീലങ്കൻ താരം പാത്തും നിസംഗ നാളെ കളിക്കാൻ സാധ്യതയില്ല''- ക്രിസ് സിൽവർവുഡ് പറഞ്ഞു

നാളെയാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയുമായി ഇന്ത്യയുടെ അവസാന ഏകദിനം. രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പ സ്വന്തമാക്കിയ ഇന്ത്യയെ സംബന്ധിച്ച് അവസാന ഏകദിനം കൂടി ജയിച്ച് സീരീസ് വൈറ്റ് വാഷ് തന്നെയാകും ഉദ്ദേശ്യം. അതേസമയം ടി20 പരമ്പരയും ഏകദിന പരമ്പരയും നഷ്ടപ്പെട്ട ശ്രീലങ്കയിലേക്ക് വരുമ്പോൾ ആശ്വാസ ജയം ലക്ഷ്യമിട്ടായിരിക്കും അവർ കാര്യവട്ടത്തെത്തുന്നത്.

ദ്രാവിഡ് ഉണ്ടാകില്ല

ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് നാട്ടിലേക്ക് മടങ്ങി. രണ്ടാം ഏകദിനവും കൂടി ജയിച്ച് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ദ്രാവിഡ് അസുഖത്തെത്തുടർന്ന് ബെംഗളൂരുവിലേക്ക് തിരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മൂന്നാം ഏകദിനത്തിൽ ദ്രാവിഡ് ടീമിനൊപ്പമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് ഇന്ന് രാവിലെ മൂന്ന് മണിയുടെ ഫ്‌ലൈറ്റിനാണ് ദ്രാവിഡ് ബംഗളൂരുവിലേക്ക് തിരിച്ചത്.വ്യാഴാഴ്ച നടന്ന ഇന്ത്യയുടെ രണ്ടാം ഏകദിനത്തിന് മുൻപും ദ്രാവിഡ് അസ്വസ്ഥനായിരുന്നു. ചെറിയ തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ അദ്ദേഹത്തിന് തോന്നിയിരുന്നു. പിന്നീട് മത്സരശേഷം കൊൽക്കത്തയിൽ വെച്ച് ദ്രാവിഡിന് ആരോഗ്യപ്രശ്‌നങ്ങൾ വീണ്ടും കൂടിയതോടെ അദ്ദേഹത്തിന് ഡോക്ടർമാർ ചികിത്സ നൽകുകയും മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്നാണ് വിശ്രമം ആവശ്യമെന്നുകണ്ട് അദ്ദേഹത്തോട് തിരിച്ച് നാട്ടിലേക്ക് മടങ്ങാൻ ഡോക്ടർമാർ പറഞ്ഞത്. ഈ ബുധനാഴ്ചയാണ് ടീമിനൊപ്പം ദ്രാവിഡ് തൻറെ 50-ാം ജന്മദിനം ആഘോഷിച്ചത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News