ഏഷ്യാകപ്പ് കാലശപ്പോര് നാളെ; മഴ മുടക്കിയാൽ റിസർവ് ഡേ ഉണ്ടോ?
നാളെ കൊളംബോയില്‍ വൈകിട്ട് മുതല്‍ രാത്രി വരെ മഴ പെയ്യാനുള്ള സാധ്യതയുണ്ട്
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും പോരാട്ടത്തിനിറങ്ങുന്നത് നാളെയാണ് (സെപ്തംപർ 17). കൊളൊംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനൽ പോരാട്ടത്തിൽ മഴ വീണ്ടും വില്ലനാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇപ്രാവശ്യം ടൂർണമെന്റിലെ നിരവധി മത്സരങ്ങളിൽ മഴ വില്ലനായി എത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ- പാക് മത്സരത്തിൽ മഴ എത്തിയത് ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. പക്ഷേ റിസർവ് ദിനത്തിലേക്ക് മാറ്റിവെച്ച മത്സരത്തിൽ ഇന്ത്യ പാകിസ്താനെതിരെ നേടിയത് വമ്പൻ വിജയമായിരുന്നു.
മഴ തന്നെ?
കാലവസ്ഥാ പ്രവചനമനുസരിച്ച് നാളെയും മഴയുണ്ടാവുമെന്നാണ് റിപ്പോർട്ട്. വൈകീട്ട് മൂന്നിനാണ് മത്സരം ആരംഭിക്കുക. മത്സരം തുടങ്ങുന്ന സമയത്ത് തന്നെ മഴയുണ്ടാവുമെന്നാണ് പ്രവചനം. വൈകുന്നേരം മഴ പെയ്യാനുള്ള സാധ്യത അമ്പത് ശതമാനമാണ്. ഇത് രാത്രി വരെ തുടർന്നേക്കാം. കനത്ത കാറ്റും ഉണ്ടായേക്കാം. ഇടക്കിടെ മഴ തടസ്സപ്പെടുത്തിയാൽ മത്സരത്തിന്റെ ഓവർ കുറക്കാനുള്ള സാധ്യതയുണ്ട്. പ്രേമദാസ സ്റ്റേഡിയത്തിലെ താപനില 24 മുതൽ 28 ഡിഗ്രി വരെ ആയിരിക്കും.
റിസർവ് ഡേ ഉണ്ട്
ഫൈനൽ പോരാട്ടം മഴ മൂലം നടക്കാതെ വന്നാൽ അടുത്ത ദിവസത്തേക്ക് മത്സരം മാറ്റിവെയ്ക്കും. നിർത്തിയിടത്ത് നിന്ന് തന്നെയായിരിക്കും മത്സരം പുനരാരംഭിക്കുക. അന്നും മഴ മുടക്കിയാൽ- അതായത് മറ്റെന്നാളും 20 ഓവർ മത്സരമെങ്കിലും പൂർത്തിയാക്കാനായില്ലെങ്കിൽ ഇരു ടീമുകളെയും സംയുക്ത ചാമ്പ്യൻമാരായി പ്രഖ്യാപിക്കും. റിസർവ് ദിനമായ തിങ്കളാഴ്ചയും കൊളംബോയിൽ മഴ പെയ്യാനുള്ള സാധ്യത 80 ശതമനമാണെന്നാണ് പ്രവചനം.
ഇന്ത്യക്ക് സൂപ്പർ ഫോറിൽ തോൽവി, ഇനി ഫൈനൽ
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിന് മുന്നിലാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ആറ് റൺസിനായിരുന്നു ഇന്ത്യ ബംഗ്ലാ കടുവകളോട് തോൽവി വഴങ്ങിയത്. ഇന്ത്യക്കായി സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലും വാലറ്റത്ത് അക്‌സർ പട്ടേലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മറ്റാർക്കും വലിയ സംഭാവനകൾ നൽകാനാവാഞ്ഞതാണ് ഇന്ത്യയുടെ തോൽവിക്ക് ആക്കംകൂട്ടിയത്. ശുഭ്മാൻ ഗിൽ 133 പന്തിൽ 121 റൺസെടുത്തു. അക്‌സർ പട്ടേൽ 42 റൺസെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുറഹ്‌മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ തൻസീം ഹസനും മെഹ്ദി ഹസനുമാണ് ഇന്ത്യയിൽ നിന്ന് ജയം പിടിച്ചുവാങ്ങിയത്.