'ബുംറയെ അഫ്രീദിയുമായി താരതമ്യം ചെയ്യരുത്': മുഹമ്മദ് ആമിർ

ഇന്ത്യൻ ടീമിനെ സംബന്ധിച്ചടത്തോളം ബുമ്ര മാത്രമാണുള്ളത്

Update: 2021-10-23 04:02 GMT
Editor : Dibin Gopan | By : Web Desk
Advertising

ട്വന്റി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം നാളെ ദുബായിൽ അരങ്ങേറാനിരിക്കെ ക്രിക്കറ്റ് ലോകത്ത് വാഗ്വാദങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇരു ടീമിലെയും മികച്ച താരങ്ങളെക്കുറിച്ചും ടീമിന്റെ വിജയസാധ്യതകളെക്കുറിച്ചും ആരാധകർ അഭിപ്രായങ്ങൾ പങ്കിടുന്നുണ്ട്. പല താരങ്ങളെയും താരതമ്യപ്പെടുത്തിയും അവകാശവാദങ്ങളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായതായിരുന്നു ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയെയും പാക്ക് ബോളർ ഷഹീൻ അഫ്രീദിയെയും താരതമ്യപ്പെടുത്തിയുള്ള പ്രതികരണങ്ങൾ.

എന്നാൽ ഇപ്പോൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്ക് താരം മുഹമ്മദ് ആമിർ. ബുമ്രയെയും അഫ്രീദിയെയും താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണെന്നാണ് ആമിറിന്റെ അഭിപ്രായം. ' ഇപ്പോൾ ഷഹീനെ ബുമ്രയുമായി താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണ്. കാരണം, ഷഹീൻ ചെറുപ്പമാണ്. പഠിച്ചു വരുന്നതേയുള്ളൂ. ബുമ്ര വളരെക്കാലമായി ഇന്ത്യയ്ക്കായി കളിക്കുന്നു. നിലവിൽ ഏറ്റവും മികച്ച ട്വന്റി20 ബോളർ അദ്ദേഹമാണെന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് ഡെത്ത് ഓവറിൽ.'- മുഹമ്മദ് ആമിർ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെയിലെ പാകിസ്താന്റെ മികച്ച ബോളറാണ് ഷഹീൻ അഫ്രീദിയെന്നും ആമിർ വ്യക്തമാക്കി. ഫാസ്റ്റ് ബോളിങ്ങിൽ പാകിസ്താന് മുൻതൂക്കമുണ്ട്. ഹസൻ അലിയും ഷഹീനും നന്നായി പന്തെറിയുന്നു. ഒപ്പം ഹാരിസ് റൗഫുമുണ്ട്. ഡെത്ത് ഓവറിലെ മികച്ച ട്വന്റി20 ബോളർമാർ ഇവരാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ചടത്തോളം ബുമ്ര മാത്രമാണുള്ളത്. ഐപിഎല്ലിൽ ഭുവനേശ്വർ കുമാറിന് തിളങ്ങാനായില്ല. മുഹമ്മദ് ഷമിക്ക് ന്യൂ ബോളിൽ മാത്രമാണ് നന്നായി പന്തെറിയാൻ സാധിക്കുക. സ്പിൻ വിഭാഗത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈയുണ്ടെന്നും ആമിർ പറഞ്ഞു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News