'രാജ്യമൊട്ടാകെ പരിശോധിക്കണം': വാർണറുടെ തൊപ്പി കണ്ടെത്താൻ പാക് നായകൻ ഷാൻ മസൂദ്
'' 'ബാഗി ഗ്രീൻ' എന്നെ സംബന്ധിച്ച് വൈകാരികമാണ്. മൈതാനത്തേക്ക് ചുവടുവെക്കുമ്പോൾ അത് എന്റെ കൈകളിലുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു''
സിഡ്‌നി: ഡേവിഡ് വാർണറുടെ തൊപ്പി(ബാഗി ഗ്രീൻ) കാണാതായത് വലിയ വാർത്തയായിരുന്നു. പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിനൊരുങ്ങുന്നതിനിടെയാണ് തൊപ്പി കാണാതായ വിവരം വാർണർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ തിരിച്ചുതരൂ, ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും എന്നായിരുന്നു താരത്തിന്റെ അഭ്യാര്‍ഥന. മെൽബണിലെ രണ്ടാം ടെസ്റ്റിന് ശേഷം ആസ്‌ട്രേലിയൻ കളിക്കാരുടെ കിറ്റുകൾ മൂന്നാം ടെസ്റ്റ് നടക്കുന്ന സിഡ്‌നിയിലേക്ക് അയച്ചിരുന്നു. ഇതിൽ നിന്നാണ് വാർണറിന്റെ 'ബാഗി ഗ്രീൻ' നഷ്ടമായത്. ഇപ്പോഴിതാ വിഷയത്തിൽ ഇടപെട്ട് പാകിസ്താൻ നായകൻ ഷാൻ മസൂദ് രംഗത്ത് എത്തിയിരിക്കുന്നു.
തൊപ്പി തിരികെ ലഭിക്കാൻ രാജ്യവ്യാപകമായി തെരച്ചിൽ നടത്തണമെന്നാണ് ആസ്‌ട്രേലിയൻ സർക്കാറിനോട് ഷാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തൊപ്പി ലഭിക്കാൻ മികച്ച ഡിറ്റക്ടീവുകളെ തന്നെ ഇറക്കണമെന്നാണ് ഷാൻ മസൂദ് വ്യക്തമാക്കുന്നത്. വാർണർ മികച്ചൊരു അംബാസിഡറാണ്. എല്ലാ തരത്തിലുമുള്ള ബഹുമാനം അദ്ദേഹം അർഹിക്കുന്നുണ്ടെന്നും മസൂദ് കൂട്ടിച്ചേർത്തു. ആസ്‌ട്രേലിയൻ ടി.വി ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
നാളെയാണ്(ബുധന്‍) വാർണറുടെ വിരമിക്കൽ ടെസ്റ്റ്. ഹോംഗ്രൗണ്ടായ സിഡ്‌നിയിലെ ടെസ്റ്റോടെ അദ്ദേഹം വിരമിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകദിനത്തിൽ നിന്നും വാർണർ വിരമിക്കൽ പ്രഖ്യാപിച്ചുകഴിഞ്ഞു. പുതുവത്സരദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഏകദിനവും മതിയാക്കിയതായി താരം വ്യക്തമാക്കിയത്.
ഇതോടെ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലായി വാർണറുടെ അവസാന ഏകദിന മത്സരം. ലോകകപ്പിൽ ആസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ വാർണറായിരുന്നു.