ലോക നമ്പർവൺ ബൗളറെ ഐപിഎല്ലിൽ ആർക്കും വേണ്ട; താരലേലത്തിന് പിന്നാലെ നേട്ടമുണ്ടാക്കി ആദിൽ റഷീദ്

ഏകദിനത്തിൽ ഇന്ത്യയുടെ ശുഭ്മാൻ ഗിലിനെ മറികടന്ന് ബാബർ അസം ഒന്നാംസ്ഥാനം തിരിച്ച്പിടിച്ചു.

Update: 2023-12-21 08:26 GMT
Editor : Sharafudheen TK | By : Web Desk
Advertising

ദുബൈ: ഐപിഎൽ താരലേലത്തിന് ശേഷം പുറത്തുവന്ന ലോക റാങ്കിങിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട് താരം ആദിൽ റഷീദ്. ഇന്ത്യയുടെ സ്പിന്നർ രവി ബിഷ്‌ണോയിയെ പിന്തള്ളി ട്വന്റി 20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞദിവസം നടന്ന താര ലേലത്തിൽ ആദിൽ റഷീദിനെ വാങ്ങാൻ ഒരു ഫ്രാഞ്ചൈസിയും മുന്നോട്ട് വന്നിരുന്നില്ല. സമീപകാലത്തായി ട്വന്റി 20യിൽ മികച്ച പ്രകടനം നടത്തിയതാണ് റാങ്കിങിൽ നേട്ടത്തിലെത്തിച്ചത്.

കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന സ്പിന്നർക്ക് തുടക്കത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചിരുന്നത്. അഫ്ഗാൻ താരം റാഷിദ് ഖാനാണ് റാങ്കിങിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. മൂന്നിൽ നിന്ന് രണ്ടിലേക്കാണ് ഉയർന്നത്. ആദ്യപത്തിലുള്ള ഏക ഇന്ത്യൻ താരം മൂന്നാംസ്ഥാനത്തുള്ള രവി ബിഷ്‌ണോയിയാണ്. ശ്രീലങ്കൻതാരങ്ങളായ വനിന്ദു ഹസരംഗയും മഹീഷ് തീഷ്ണയുമാണ് നാലും അഞ്ചും സ്ഥാനത്ത്.

ബാറ്റിംഗിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് ഒന്നാംസ്ഥാനം നിലനിർത്തി. മുഹമ്മദ് റിസ്വാനാണ് രണ്ടാമത്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം മൂന്നാമതും പാക്കിസ്ഥാൻ മുൻ ക്യാപറ്റൻ ബാബർ അസം നാലാമതുമായി. ഏകദിനത്തിൽ ഇന്ത്യയുടെ ശുഭ്മാൻ ഗിലിനെ മറികടന്ന് ബാബർ അസം ഒന്നാംസ്ഥാനം തിരിച്ച്പിടിച്ചു. ദീർഘകാലത്ത് ഒന്നിലായിരുന്ന ബാബറിന് കഴിഞ്ഞ ലോകകപ്പ് സമയത്താണ് സ്ഥാനം നഷ്ടമയാത്. ഏകദിനത്തിൽ ആദ്യ അഞ്ചിൽ മൂന്ന് ഇന്ത്യക്കാരാണ് സ്ഥാനം പിടിച്ചത്.

ഗിൽ രണ്ടിലും വിരാട് കോഹ്‌ലി മൂന്നാമതുമെത്തി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് നാലാം സ്ഥാനത്ത്. ഏകദിന ബൗളിംഗിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാദേവാണ് ഒന്നാമത്. ഓസീസ് താരം ജോഷ് ഹേസൽവുഡ് രണ്ടാംസ്ഥാനത്തും ഇന്ത്യയുടെ മുഹമ്മദ് സിറാജ് മുന്നാമതുമാണ്. ഏകദിന-ട്വന്റി ഓൾറൗണ്ടർ പട്ടികയിൽ ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസനാണ് തലപ്പത്ത്. ടെസ്റ്റിൽ ബാറ്റിംഗിൽ കെയിൻ വില്യംസണും ബൗളിംഗിൽ ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും ഓൾറൗണ്ടറിൽ രവീന്ദ്ര ജഡേജയും സ്ഥാനം നിലനിർത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News