ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടി; മുഈൻ അലിക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത
കഴിഞ്ഞ വർഷം 15 മത്സരങ്ങളിലായി 356 റൺസും 6 വിക്കറ്റും നേടി ചെന്നൈയുടെ കിരീടനേട്ടത്തിൽ മുഖ്യപങ്ക് വഹിച്ച താരങ്ങളിലൊരാളാണ് മുഈൻ അലി.
ഐപിഎൽ 2022 സീസൺ ആരംഭിക്കാൻ അഞ്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടി. ഇത്തവണത്തെ മെഗാലേലത്തിന് മുമ്പ് അവർ നിലനിർത്തിയ ഏക വിദേശതാരമായ ഇംഗ്ലണ്ട് ഓൾറൗണ്ടർ മുഈൻ അലിക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത.
മുഈൻ അലിക്ക് ഇന്ത്യയിലേക്കുള്ള വിസ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇതുവരെ അനുവദിക്കാത്തതാണ് പ്രശ്‌നം. വിസക്കായി ഫെബ്രുവരി 28 ന് തന്നെ മുഈൻ അലി അപേക്ഷ നൽകിയിരുന്നതായി ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ കാശി വിശ്വനാഥൻ അറിയിച്ചു.
വിസ അനുവദിക്കാനാവശ്യമായ എല്ലാ പേപ്പറുകളും നൽകിയിട്ട് 20 ദിവസത്തിലധികം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് വിസ അനുവദിക്കാത്തത് എന്നതിൽ വ്യക്തതയില്ല. എന്നിരുന്നാലും പ്രശ്‌നങ്ങൾ മാറി അദ്ദേഹം എത്രയും പെട്ടെന്ന് ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാശി വിശ്വനാഥ് പറഞ്ഞു.
കഴിഞ്ഞ വർഷം 15 മത്സരങ്ങളിലായി 356 റൺസും 6 വിക്കറ്റും നേടി ചെന്നൈയുടെ കിരീടനേട്ടത്തിൽ മുഖ്യപങ്ക് വഹിച്ച താരങ്ങളിലൊരാളാണ് മുഈൻ അലി.
മാർച്ച് 26 ന് കൊൽക്കത്തയുമായി വാങ്കഡെയിലാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആദ്യ മത്സരം.