ധോണിയുടെ തന്ത്രങ്ങള്‍ പൊളിക്കാന്‍ സഞ്ജുവിനാകുമോ? ചെന്നൈ രാജസ്ഥാന്‍ പോരാട്ടം ഇന്ന്
ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം രണ്ടാം മത്സരത്തില്‍ ജയത്തോടെ തിരിച്ചുവന്നതിന്‍റെ ആത്മവിശ്വാസത്തിലണ് ഇരുടീമുകളും.
മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ധോണി നയിക്കുന്ന ചെന്നൈയെ നേരിടാനൊരുങ്ങി മലയാളി യുവതാരം സഞ്ജു നയിക്കുന്ന രാജസ്ഥാന്‍. രണ്ട് വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്മാരുടെ പോരാട്ടത്തിനപ്പുറം വെറ്ററന്‍ ക്യാപ്റ്റനായ ധോണിയും താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ യുവ ക്യാപ്റ്റനായ സഞ്ജുവും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം രണ്ടാം മത്സരത്തില്‍ ജയത്തോടെ തിരിച്ചുവന്നതിന്‍റെ ആത്മവിശ്വാസത്തിലണ് ഇരുടീമുകളും.
പഞ്ചാബിനെതിരെ അവസാന പന്ത് വരെ പൊരുതിയാണ് ആദ്യ കളിയില്‍ രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്. സെഞ്ച്വറി നേടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെ മുന്നില്‍ നിന്ന് നയിച്ച കളിയില്‍ വെറും നാല് റണ്‍സിനായിരുന്നു രാജസ്ഥാന്‍റെ തോല്‍വി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മൂന്ന് വിക്കറ്റ് ജയത്തോടെയാണ് രാജസ്ഥാന്‍ ആദ്യകളിയിലെ ക്ഷീണം മറന്നത്. ചെന്നൈയിലേക്ക് വരുമ്പോള്‍ ആദ്യ കളിയില്‍ ഡല്‍ഹി ക്യപിറ്റല്‍സിനോടാണ് ധോണിയുടെ ടീം ദയനീയ തോല്‍വി വഴങ്ങിയത്. ചെന്നൈ ഇന്നിങ്സില്‍ ധോണി സംപൂജ്യനായി മടങ്ങിയ കളിയില്‍ വെറും മൂന്ന് നഷ്ടത്തിലാണ് ക്യാപിറ്റല്‍സ് ലക്ഷ്യം മറികടന്നത്. എന്നാല്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയവുമായാണ് ധോണിയും കൂട്ടരും ആദ്യ കളിയിലെ നിരാശ മറന്നത്. പഞ്ചാബിനെ 106 റണ്‍സിന് ചുരുട്ടിക്കെട്ടിയ ചെന്നൈ ആറ് വിക്കറ്റിന്‍റെ ജയമാണ് ആഘോഷിച്ചത്.
23 മത്സരങ്ങളിലാണ് ഇതുവരെ രാജസ്ഥാനും ചെന്നൈയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അതില്‍ 14 തവണയും വിജയം ചെന്നൈക്കൊപ്പമായിരുന്നു. ഒന്‍പത് മത്സരങ്ങളില്‍ മാത്രമാണ് രാജസ്ഥാന് വിജയിക്കാനായത്. പ്രഥമ ഐ.പി.എല്‍ സീസണിന്‍റെ കലാശ പോരാട്ടത്തില്‍ ഏറ്റുമുട്ടിയതും ചെന്നൈ രാജസ്ഥാന്‍ ടീമുകളാണ്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ അന്ന് ഷെയ്ന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ മൂന്ന് വിക്കറ്റിന് ജയിക്കുകയായിരുന്നു. അവസാന പന്തിലാണ് രാജസ്ഥാന്‍ അന്ന് വിജയതീരം തൊട്ടത്. അന്നും ചെന്നൈയുടെ ക്യാപ്റ്റന്‍ ധോണി തന്നെയാണ്.
തന്ത്രങ്ങളിൽ ധോണിക്ക് ഒപ്പം പിടിക്കുക എന്നത് സഞ്ജു സാംസണെ സംബന്ധിച്ച് വെല്ലുവിളിയാകും. ഓപ്പണിംഗിൽ മനൻ വോഹ്റ ഫേം കണ്ടെത്താത്തത് രാജസ്ഥാന് നിരാശയുണര്‍ത്തുന്നുണ്ട്. യശ്വസി ജയ്‍സ്വാളിനെ പോലെ ലിസ്റ്റ് എ ക്രിക്കറ്റില്‍ കഴിവ് തെളിയിച്ച യുവതാരങ്ങൾ പുറത്തിരിക്കുമ്പോള്‍ ഓപ്പണിംഗ് സ്ഥാനത്ത് പരീക്ഷണം നടത്താൻ രാജസ്ഥാൻ തയ്യാറായേക്കും. ആദ്യ മത്സരത്തില്‍ തട്ടുപൊളിപ്പന്‍ പ്രകടനം നടത്തിയ സഞ്ജുവും കഴിഞ്ഞ മത്സരത്തിൽ കത്തിക്കയറിയ ഡേവിഡ് മില്ലറും കൂടിച്ചേരുമ്പോള്‍ രാജസ്ഥാന്‍റെ ബാറ്റിങ് നിര ശക്തമാണ്. രാഹുൽ തെവാട്ടിയയും മോറിസും മികച്ച രീതിയിൽ കളി ഫിനിഷ് ചെയ്യാൻ പോന്നവരാണ്. ഓള്‍റൌണ്ടര്‍മാരായ റിയാൻ പരാഗും തെവാട്ടിയയും വിക്കറ്റ് നേടുന്നില്ല എന്നതും രാജസ്ഥാന് തലവേദനയാകും. പേസർമാരിൽ മോറിസിനൊപ്പം മുസ്തഫിസുർ റഹ്മാനും ചേതൻ സക്കറിയയും ഭേദപ്പെട്ട് പ്രകടനം നടത്തുന്നുണ്ട്.