അച്ഛൻ വേണ്ടെന്ന് പറഞ്ഞു, പുകയില പരസ്യങ്ങൾ ഒഴിവാക്കി: സച്ചിൻ ടെണ്ടുൽക്കർ
പുകയില ഉത്പന്നങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പിതാവ് പറഞ്ഞിരുന്നു. ഇക്കാരണത്താലാണ് അത്തരം പരസ്യങ്ങള്‍ ഒഴിവാക്കിയത്
മുംബൈ: പുകയില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും ഒഴിവാക്കുകയായിരുന്നുവെന്ന് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പുകയില ഉത്പന്നങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പിതാവ് പറഞ്ഞിരുന്നു. ഇക്കാരണത്താലാണ് അത്തരം പരസ്യങ്ങള്‍ ഒഴിവാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ തുടങ്ങിയത് മുതല്‍ ഇത്തരം ഓഫറുകള്‍ അനവധി വന്നു, എന്നാല്‍ ഒന്നുപോലും താന്‍ സ്വീകരിച്ചിട്ടില്ല- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്വച്ഛ് മുഖ് അഭിയാന്റെ സ്‌മൈല്‍ അംബാസിഡറായി ധാരണാപത്രം ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു സച്ചിന്‍. നല്ല ആരോഗ്യമുള്ള വായ, മൊത്തം ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഫിറ്റായിരിക്കുകയെന്നത് ഇന്ന് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. കാഴ്ചയിലും മാനസിക ആരോഗ്യത്തിലും വായയുടെ ആരോഗ്യത്തിലും ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫിറ്റ്‌നസ് തന്റെ ജീവിതത്തിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലത്ത് ഞാൻ ഒരുപാട് കളിക്കുമായിരുന്നു, ക്രിക്കറ്റിലായിരുന്നു ആകൃഷ്ടനായിരുന്നത്. വളരുന്തോറും ഫിറ്റ്നസ് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ കൂടുതൽ ബോധവാന്മാരായിത്തീർന്നു- സച്ചിന്‍ പറഞ്ഞു. "അമ്പത് ശതമാനം കുട്ടികൾക്കും വായ് സംബന്ധമായ അസുഖങ്ങളുണ്ട്, അത് അവരുടെ ജീവിതത്തെ ബാധിക്കുന്നു. എന്നാൽ ആരും അതിനെക്കുറിച്ച് വിഷമിക്കുന്നില്ലെന്നും ഇത് അവരുടെ ആത്മവിശ്വാസം തകർക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.