'അംല, നിങ്ങളൊരു നല്ല മനുഷ്യനാണെ'ന്ന് ഡെയ്ൽ സ്‌റ്റൈൻ; 'താങ്കളെ കുറിച്ച് പുസ്തകമെഴുതാൻ മാത്രമുണ്ടെ'ന്ന് എ.ബി. ഡിവില്ലേഴ്‌സ്
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും ജനുവരി 18നാണ് അംല വിരമിക്കൽ പ്രഖ്യാപിച്ചത്
'ഹാഷിം അംല... എവിടെ ഞാൻ തുടങ്ങും. എളുപ്പമല്ല... ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, അല്ല വർഷങ്ങളെടുത്തേക്കും... അക്ഷരാർത്ഥത്തിൽ താങ്കളെ കുറിച്ച് എനിക്ക് ഒരു പുസ്തകം തന്നെ എഴുതാനാകും. എനിക്ക് വേണ്ടി നിലകൊണ്ടതിന് നന്ദി. സഹോദരനായി നിലകൊണ്ട് പല നിലക്കും എനിക്ക് സുരക്ഷിതത്വം പകർന്നതിന് നന്ദി' എബി ഡിവില്ലേഴസ് ട്വിറ്ററിൽ കുറിച്ചു.
ഗ്രേയിം സ്മിത്ത്, ജെപി ഡുമിനി, ഒല്ലി പോപ്, പാകിസ്താൻ താരങ്ങളായ മുഹമ്മദ് റിസ്‌വാൻ, ഷുഐബ് മാലിക്, മുഹമ്മദ് നവാസ് തുടങ്ങിയവർ അംലയെ വ്യക്തിയെന്ന നിലയിലും ക്രിക്കറ്ററെന്ന നിലയിലും പുകഴ്ത്തി രംഗത്തുവന്നു.
ജനുവരി 18നാണ് അംല വിരമിക്കൽ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് നേരത്തെ മതിയാക്കിയ അംല കൗണ്ടി ക്രിക്കറ്റിൽ സജീവമായിരുന്നു. കൗണ്ടി ക്രിക്കറ്റിന് കൂടിയാണ് ഇപ്പോൾ കർട്ടനിടുന്നത്. കൗണ്ടി ക്രിക്കറ്റിൽ സറെക്ക് വേണ്ടിയിരുന്നു താരം ബാറ്റേന്തിയിരുന്നത്.കഴിഞ്ഞ സീസണിൽ സറെയേ ചാമ്പ്യന്മാരാക്കുന്നിൽ അംല ബാറ്റ്കൊണ്ട് സംഭാവന നൽകിയിരുന്നു. എന്നാൽ ഒരിക്കൽ കൂടി ടീമിന്റെ ഭാഗമാകാനില്ലെന്ന് അംല വ്യക്തമാക്കിതോടെ 39 വയസാകുന്ന താരത്തിന്റെ കരിയറിന് പരിപൂർണ വിരാമം. രണ്ട് ദശാബ്ദം നീണ്ടുനിന്ന കരിയറായിരുന്നു അംലയുടെത്. സെഞ്ച്വറി വേഗത്തിലും റൺസിലും മുന്നിൽ അംലയുണ്ടായിരുന്നു ഇന്ത്യൻ നായകൻ കോഹ്ലിയുമായുള്ള സെഞ്ച്വറി വേഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ടെസ്റ്റ് ബാറ്ററുടെതാണ് താരത്തിന്റെ ശൈലിയെങ്കിലും ഏകദിനത്തിലും ടി20യിലും അംല റൺസ് കണ്ടെത്തി വിമർശകരെ മൂലക്കിരുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റിൽ ട്രിപ്പിൽ സെഞ്ച്വറി നേടിയ ഒരേയൊരു ബാറ്ററാണ് അംല. 2012ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആ സ്വപ്ന നേട്ടം. ഏകദിനത്തിൽ 27 സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. ഏറ്റവും വേഗത്തിൽ 25 ഏകദിന സെഞ്ചുറികൾ പൂർത്തിയാക്കിയ താരമാണ് അംല. എല്ലാ പ്രൊഫഷണൽ ഫോർമാറ്റിലുമായി 34104 റൺസ് അംല നേടിയിട്ടുണ്ട്. ഇതിൽ 18672 റൺസ് ദക്ഷിണാഫ്രിക്കൻ കുപ്പായത്തിലാണ്.
അതേസമയം ദക്ഷിണാഫ്രിക്കൻ പുരുഷ ടീമിന്റെ ബാറ്റിംഗ് കോച്ചായി അംല എത്താനിടയുണ്ടെന്ന റിപ്പോർട്ടുകളും സജീവമാണ്. ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനായി കളിച്ചിട്ടുണ്ട്.