ഇന്ത്യക്കെതിരായ പരമ്പര: ഡാരിൽ മിച്ചൽ ന്യൂസിലാൻഡ് ടീമിൽ
പരിക്കേറ്റ ഡെവൺ കോൺവേയ്ക്ക് പകരമാണ് ന്യൂസിലാന്‍ഡ് ടി20 ലോകകപ്പ് ടീമിൽ ഓപ്പണറായി കളിക്കുന്ന താരം ടീമിലേക്ക് എത്തുന്നത്.
ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലാന്‍ഡ് ടീമില്‍ ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചലിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ഡെവൺ കോൺവേയ്ക്ക് പകരമാണ് ന്യൂസിലാന്‍ഡ് ടി20 ലോകകപ്പ് ടീമിൽ ഓപ്പണറായി കളിക്കുന്ന താരം ടീമിലേക്ക് എത്തുന്നത്.
സെമിയിൽ ഇംഗ്ലണ്ടിനെതിരെ പുറത്തായതിന്റെ നിരാശ പ്രകടിപ്പിക്കുമ്പോഴാണ് കോൺവേയുടെ വിരലിന് പരിക്കേറ്റത്. ട്രാക്കിന് പുറത്തേക്ക് ഇറങ്ങി കൂറ്റൻ ഷോട്ടിന് ശ്രമിക്കവെ കോൺവേയെ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതിന്റെ നിരാശയിൽ സ്വന്തം ബാറ്റിലേക്ക് കോൺവേ ഇടിക്കുകയായിരുന്നു. എക്സ്റേയിൽ ചെറുവിരലിന് ഒടിവുണ്ടെന്ന് കണ്ടെത്തി.
ഡാരിൽ മിച്ചൽ ടെസ്റ്റ് ക്രിക്കറ്റിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണെന്നും അതിനാൽ തന്നെ ടീമിലേക്ക് തിരിച്ചുവരാനായതിൽ അതിയായ സന്തോഷം താരത്തിനുണ്ടാകുമെന്ന് തനിക്കറിയാമെന്നുമായിരുന്നു ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്റ്റെഡിന്റെ പ്രതികരണം. 30കാരനായ മിച്ചലായിരുന്നു ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ന്യൂസിലാൻഡിന്റെ വിജയശിൽപ്പി. 197 റൺസാണ് ഈ ടി20 ലോകകപ്പിൽ താരം നേടിയത്. ടി20 ലോകകപ്പ് ഫൈനലിന് പിന്നാലെ ഈ മാസം 17ന് ജയ്പൂരിൽ ആരംഭിക്കുന്ന ടി20 മത്സരത്തോടെയാണ് ന്യൂസിലാൻഡിന്റെ ഇന്ത്യയുമായുള്ള പരമ്പര ആരംഭിക്കുന്നത്. ഈ മാസം 25 മുതലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
summary;Daryl Mitchell added to Test squad for India series