ഒരു മാസത്തെ ആശുപത്രി വാസത്തിന് വിരാമം; പെലെ വീട്ടിലേക്ക്
ഓഗസ്റ്റ് 31ന് പതിവ് വൈദ്യ പരിശോധനകള്‍ക്കായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് വിശദ പരിശോധനയിലാണ് വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തിയത്.
ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ സുഖം പ്രാപിക്കുന്നു. പെലെ എത്രയും പെട്ടെന്ന് ആശുപത്രി വിടുമെന്ന് മകള്‍ കെലി വ്യക്തമാക്കി. എന്നാല്‍ എന്ന് ആശുപത്രി വിടുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെലയുടെ ആരോഗ്യ വിവരം കെലി പങ്കുവെച്ചത്. അതേസമയം വ്യാഴാഴ്ച്ച ഡിസ്ചാര്‍ജ് ആകുമെന്നാണ് ബ്രസീലിയന്‍ മാധ്യമമായ എസ്റ്റാഡോ ഡി സാവോ പോളോ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസമായി പെലെ ആശുപത്രി വാസത്തിലാണ്.
ഓഗസ്റ്റ് 31ന് പതിവ് വൈദ്യ പരിശോധനകള്‍ക്കായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് വിശദ പരിശോധനയിലാണ് വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്നാണ് താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. പിന്നാലെ ഐസിയുവിലും പ്രവേശിപ്പിച്ചു. എന്നാല്‍ താന്‍ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ പെലെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ നിഷേധിച്ചിരുന്നു.
നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പെലെ തന്നെ തന്റെ ആരോഗ്യവിവരം പങ്കുവെച്ചിരുന്നു. ഐ.സി.യുവില്‍ നിന്ന് മാറ്റിയതിന് പിന്നാലെയായിരുന്നു പെലെയുടെ പ്രതികരണം. 90 മിനിറ്റും എക്സ്ട്രാ ടൈമും കളിക്കാന്‍ സജ്ജനെന്നായിരുന്നു ഇന്‍സ്റ്റ്രാമിൽ അന്ന് പെലെ പങ്കുവെച്ചിരുന്നത്. സമീപകാലത്തായി നിരവധി ആരോഗ്യപ്രശ്നങ്ങൾ പെലെയെ അലട്ടുന്നുണ്ട്. 2019ൽ മൂത്രാശയ അണുബാധയെത്തുടർന്ന് ഇതിഹാസം ഫ്രാൻസിലെ ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു.
ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്.