ഏഷ്യാകപ്പിൽ മകൾ ഇന്ത്യൻ പതാക വീശി: ഷാഹിദ് അഫ്രീദി പറയുന്നു...
മത്സരം നടക്കുന്ന വേദിയിൽ പാകിസ്താന്റെ പതാക ലഭ്യമായിരുന്നില്ലെന്നും അതുകൊണ്ടാണ് മകള്‍ ഇന്ത്യൻ പതാക വീശിയതെന്നും അഫ്രീദി പറഞ്ഞു
ദുബൈ: ഏഷ്യാകപ്പ് സൂപ്പർഫോറിൽ ഇന്ത്യ-പാക് മത്സരത്തിനിടെ മുൻ പാക് നായകൻ ഷാഹിദ് അഫ്രീദിയുടെ മകൾ ഇന്ത്യൻ പതാക വീശി. അഫ്രീദി തന്നെയാണ് ഇക്കാര്യം ഒരു ടെലിവിഷൻ ചർച്ചക്കിടെ വ്യക്തമാക്കിയത്. ടെലിവിഷൻ അവതാരകയാണ് ഇക്കാര്യം ചോദിച്ചത്. താങ്കളുടെ മകൾ ഇന്ത്യൻ പതാക വീശിയോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.
മത്സരം നടക്കുന്ന വേദിയിൽ പാകിസ്താന്റെ പതാക ലഭ്യമായിരുന്നില്ലെന്നും അതുകൊണ്ടാണ് മകള്‍ ഇന്ത്യൻ പതാക വീശിയതെന്നും അഫ്രീദി പറഞ്ഞു. ദുബൈയിലെ ഇന്ത്യാ-പാക് മത്സരം കാണാൻ എത്തിയവരിൽ 90 ശതമാനവും ഇന്ത്യയുടെ ആരാധകരാണ്. 10 ശതമാനം പേരെ പാകിസ്താനെ പിന്തുണക്കാനുണ്ടായിരുന്നുള്ളൂ. ഇക്കാര്യം ഭാര്യ എന്നോട് പറഞ്ഞിരുന്നു. പാകിസ്താനി പതാകകളും അവിടെ ലഭ്യമായിരുന്നില്ല. ഇതോടെയാണ് മകൾക്ക് ഇന്ത്യൻ പതാക വീശേണ്ടി വന്നത്-അഫ്രീദി പറഞ്ഞു.
'മകൾ ഇന്ത്യൻ പതാക വീശുന്ന വീഡിയോ എനിക്കും ലഭിച്ചു. എന്നാൽ ഇത് പങ്കുവെക്കണോ എന്ന കാര്യം ആലോചിക്കുകയാണ്'- അഫ്രീദി മറ്റൊരു വീഡിയോയിൽ പറഞ്ഞു. മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 181 എന്ന വിജയലക്ഷ്യം അവസാന ഓവറിൽ പാകിസ്താൻ മറികടക്കുകയായിരുന്നു. ഓപ്പണർ മുഹമ്മദ് റിസ് വാനായിരുന്നു അന്ന് പാകിസ്താന്റെ ടോപ് സ്‌കോറർ. 51 പന്തിൽ 71 റൺസാണ് താരം നേടിയത്. മുഹമ്മദ് നവാസ്(20 പന്തിൽ 42) ആസിഫ് അലി(8 പന്തിൽ 16) എന്നിവരുടെ ഇന്നിങ്‌സുകളും പാകിസ്താന്റെ രക്ഷക്കെത്തി. 60 റൺസ് നേടിയ വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ.
അതേസമയം ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്ക-പാകിസ്താനെ നേരിടും. ഇന്ന് വൈകീട്ടാണ് മത്സരം. ഇതെ ടൂർണമെന്റിൽ പാകിസ്താനും ശ്രീലങ്കയും ഏറ്റുമുട്ടിയപ്പോൾ ശ്രീലങ്കയ്ക്കായിരുന്നു ജയം.
Why Shahid Afridi's daughter was holding Indian flag???…#pakvsindia #PakvInd #INDvPAK pic.twitter.com/nV4HTMgodR
— Muhammad Noman (@nomanedits) September 5, 2022