അതൊരു അമൂല്യവസ്തുമാണ്, എനിക്കത് തിരിച്ചുവേണം; അഭ്യർത്ഥനയുമായി ഡേവിഡ് വാർണർ

ഇൻസ്റ്റഗ്രാം വീഡിയോ പോസ്റ്റിലൂടെയാണ് തൊപ്പി നഷ്ടപ്പെട്ടെന്നും തിരിച്ചുവേണമെന്നുമുള്ള അഭ്യർത്ഥന താരം നടത്തിയത്.

Update: 2024-01-02 09:11 GMT
Editor : Sharafudheen TK | By : Web Desk
Advertising

സിഡ്‌നി: ഓരോ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരത്തിനും പ്രിയപ്പെട്ടതാണ് ബാഗി ഗ്രീൻ തൊപ്പി. കരിയറിൽ അമൂല്യമായി കാണുന്ന വസ്തു. മെൽബണിൽ നിന്ന് സിഡ്‌നിയിലേക്കുള്ള യാത്രാമധ്യേ വാർണറിന്റെ ഈ തൊപ്പി മോഷണം പോയിരുന്നു. കണ്ടെത്താൻ നിരന്തരം ശ്രമം നടത്തിയെങ്കിലും വിഫലമായി.

ഇതോടെ പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിന് തൊട്ടുമുൻപ് ഈ തൊപ്പി തിരിച്ചുവേണമെന്ന അഭ്യർത്ഥന നടത്തിയിരിക്കുകയാണ് ഡേവിഡ് വാർണർ. ഇൻസ്റ്റഗ്രാം വീഡിയോ പോസ്റ്റിലൂടെയാണ് തൊപ്പി നഷ്ടപ്പെട്ടെന്നും തിരിച്ചുവേണമെന്നുമുള്ള അഭ്യർത്ഥന താരം നടത്തിയത്. ആസ്‌ത്രേലിയൻ ക്രിക്കറ്റ് ബോർഡും താരത്തിനുവേണ്ടി രംഗത്തെത്തിയിരുന്നു.

ഒരു പതിറ്റാണ്ടിലേറെ നീണ്ട കരിയറിന്റെ അവസാന ടെസ്റ്റിനാണ് നാളെ വാർണർ ഇറങ്ങുന്നത്. ടെസ്റ്റിൽ നിന്ന് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ച വെറ്ററൻ താരം കഴിഞ്ഞദിവസം ഏകദിനത്തിൽ നിന്നും അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇനി ട്വന്റി 20യിൽ മാത്രമായിരിക്കും 37 കാരൻ ബാറ്റിങിനിറങ്ങുക. 161 ഏകദിനങ്ങളിൽ നിന്ന് 22 സെഞ്ചുറിയും 33 അർധസെഞ്ച്വറിയും ഉൾപ്പടെ 6932 റൺസാണ് വാർണറുടെ സമ്പാദ്യം. 179 റൺസാണ് ഉയർന്ന സ്‌കോർ. ഓസ്ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിർണായക പങ്കാളിയായിരുന്നു ഡേവിഡ് വാർണർ. 109 ടെസ്റ്റുകളിലെ 199 ഇന്നിംഗ്‌സുകളിൽ നിന്നായി 8487 റൺസാണ് നേടിയത്. ഐപിഎൽ ഡൽഹി കാപ്പിറ്റൽസ് താരമാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News