' എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല; സൺറൈസേഴ്‌സ്‌എന്നെ നിലനിർത്തില്ല ' - ഡേവിഡ് വാർണർ
അത്ര എളുപ്പം മറക്കാൻ കഴിയുന്ന നേട്ടങ്ങളല്ല സൺറൈസേഴ്‌സിന് വേണ്ടി വാർണർ നേടിയത്, ആ ചെമ്പൻ മുടിക്കാരൻ ഒറ്റക്ക് നിന്ന് നയിച്ച് ടീമിനെ വിജയതീരത്തെത്തിച്ച എണ്ണമറ്റ മത്സരങ്ങൾ
2022 ഐപിഎൽ സീസണിന്റെ മെഗാ ലേലത്തിന് മുന്നോടിയായി നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റ് നൽകാനുള്ള അവസാന നിമിഷം വരെ ആരാധകരുടെ ചോദ്യമായിരുന്നു ഓസ്‌ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണറെ അദ്ദേഹത്തിന്റെ ടീമായ സൺറൈസേഴ്‌സ് നിലനിർത്തുമോ എന്നത്. പക്ഷേ ആ ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവരും മുമ്പ് തന്നെ തന്നെ സൺറൈസേഴ്‌സ് നിലനിർത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വാർണർ.
' എനിക്കൊന്നും ചെയ്യാൻ കഴിയില്ല; അവരെന്നെ നിലനിർത്തില്ല ' എന്നായിരുന്നു വാർണറിന്റെ പ്രതികരണം.
ഇൻസ്റ്റഗ്രാമിൽ ഒരു ആരാധകന് എസ്.ആർ.എച്ച് നിങ്ങളെ നിലനിർത്തുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുൻ ഹൈദരാബാദ് നായകൻ കൂടിയായ വാർണർ.
കഴിഞ്ഞ സീസണിലെ യുഎഇ പാദ മത്സരങ്ങളിലെ മോശം പ്രകടനമാണ് വാർണറെ കൈവിടുക എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്.
അത്ര എളുപ്പം മറക്കാൻ കഴിയുന്ന നേട്ടങ്ങളല്ല സൺറൈസേഴ്‌സിന് വേണ്ടി അവരുടെ ഓറഞ്ച് കുപ്പായത്തിൽ വാർണർ നേടിയത്. ഐപിഎല്ലിൽ സൺറൈസേഴ്‌സിന്റെ ഒരേയൊരു കിരീടം നേടിക്കൊടുത്ത നായകൻ വാർണറാണ്. അത് കൂടാതെ ആ ചെമ്പൻ മുടിക്കാരൻ ഒറ്റക്ക് നിന്ന് നയിച്ച് ടീമിനെ വിജയതീരത്തെത്തിച്ച എണ്ണമറ്റ മത്സരങ്ങൾ.
വാർണറെ ഹൈദരാബാദ് കൈവിട്ടതോടെ മെഗാലേലത്തിൽ വാർണർക്ക് വേണ്ടി കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സൂചനകൾ അനുസരിച്ച് നായകൻ കെയിൻ വില്യംസണിനെ മാത്രമാണ് ഹൈദരാബാദ് നിലനിർത്തിയിരിക്കുന്നത്.
അതേസമയം വിവിധ ടീമുകൾ ഏതൊക്കെ ആൾക്കാരെ നിലനിർത്തുമെന്ന് ഇന്ന് രാത്രിയറിയാം. നിലനിർത്താനുള്ള താരങ്ങളുടെ പേര് നൽകാനുള്ള അവസാന സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുമെങ്കിലും രാത്രി മാത്രമേ ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവരികയുള്ളൂ. ലിസ്റ്റ് പ്രഖ്യാപനം രാത്രി 9.30 മുതൽ സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാൻ സാധിക്കും.
വിവിധ ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടികയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ടെങ്കിലും അതൊന്നും ഔദ്യോഗികമല്ല. പരമാവധി നാലു താരങ്ങളെയാണ് ഒരു ടീമിന് നിലനിർത്താൻ സാധിക്കുക. നിലനിർത്തുന്ന താരങ്ങളുടെ എണ്ണത്തിനുസരിച്ച് ലേലത്തിൽ ഉപയോഗിക്കാൻ പറ്റുന്ന തുകയും വ്യത്യാസം വരും.
പരമാവധി ഒരു ടീമിന് ലേലത്തിൽ ഉപയോഗിക്കാൻ പറ്റുന്ന തുക 90 കോടിയാണ്. നാല് താരങ്ങളെ നിലനിർത്തിയാൽ പേഴ്സിൽ നിന്ന് 42 കോടി കുറഞ്ഞ് അത് 48 കോടിയാകും. മൂന്ന് താരങ്ങളെയാണ് നിലനിർത്തുന്നതെങ്കിൽ 33 കോടി കുറഞ്ഞ് അത് 57 കോടിയായിരിക്കും. രണ്ട് താരങ്ങളെ മാത്രമാണ് നിലനിർത്തുന്നതെങ്കിൽ 24 കോടി രൂപയാണ് പേഴ്സിൽ നിന്ന് കുറയുക-പേഴ്സിൽ 66 കോടി ബാക്കിയുണ്ടാകും. ഇനി ഒരു താരത്തെ മാത്രമേ നിലനിർത്തുന്നുവെങ്കിൽ അയാൾക്ക് 14 കോടി നൽകേണ്ടി വരും, അങ്ങനെ വന്നാൽ പേഴ്സിൽ 76 കോടി രൂപ ബാക്കിയുണ്ടാകും. ആരെയും നിലനിർത്താതെയിരുന്നാൽ മാത്രമേ പരമാവധി തുകയായ 90 കോടി രൂപയും ഉപയോഗിക്കാൻ സാധിക്കൂ.
പുതുതായി വന്ന ലഖ്നൗവും അഹമ്മദാബാദുമടക്കം 10 ടീമുകളാണ് 2022 ഐപിഎല്ലിൽ മത്സരിക്കുക.
Summary: David warner says SRH will not retain him