'വല്ലാത്തൊരു ഔട്ട്': പ്രതീക്ഷിക്കാത്ത രീതിയിൽ ഡേവിഡ് വാർണറുടെ പുറത്താകൽ
ഐ.സി.സി ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ജയമാണ് ആസ്ട്രേലിയക്കെതിരെ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്
സിഡ്നി: ഐ.സി.സി ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ജയമാണ് ആസ്ട്രേലിയക്കെതിരെ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. 89 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡിന്റെ ജയം. കൂറ്റനടികളുമായി കേളികേട്ട ഓസീസ് ബൗളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറി കടത്തി ഫിൻ അലൻ വിതച്ച അപകടത്തിൽനിന്ന് മുക്തരാകാൻ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ആരോൺ ഫിഞ്ചിനും സംഘത്തിനുമായില്ല.
എന്നാല്‍ മത്സരത്തില്‍ ഓസീസ് മറുപടി ബാറ്റിങ് ആരംഭിച്ചപ്പോള്‍ കൗതുകകരമായൊരു സംഭവമരങ്ങേറി. വ്യത്യസ്തമായൊരു രീതിയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായി. ടിം സൗത്തിയാണ് വാര്‍ണറെ പുറത്താക്കിയത്. സൗത്തിയുടെ പന്ത് അടിച്ചകറ്റാന്‍ ശ്രമിച്ച വാര്‍ണര്‍ക്ക് പിഴച്ചു. വാര്‍ണറുടെ ബാറ്റിലുരസിയ പന്ത് താരത്തിന്റെ തുടയിലിടിച്ച് ഉയര്‍ന്നുപൊങ്ങി വിക്കറ്റില്‍ പതിക്കുകയായിരുന്നു. അപ്രതീക്ഷിതമായ പുറത്താകലിന്റെ നിരാശ വാര്‍ണറുടെ മുഖത്ത് പ്രകടമായിരുന്നു. അഞ്ച് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
David Warner gone in the most humiliating dismissal ever!!! pic.twitter.com/V7qBpNqfmU
— The ACC (@TheACCnz) October 22, 2022
അതേസമയം മത്സരത്തിലേക്ക് വന്നാല്‍ ആസ്ട്രേലിയക്ക് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ടോസ് ലഭിച്ച ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, നായകന്റെ കണക്കുകൂട്ടലുകളെല്ലാം ആദ്യ ഓവർ തൊട്ടേ പിഴച്ചു. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, മാർക്കസ് സ്റ്റോയ്‌നിസ്. എന്നിങ്ങനെ പവർപ്ലേയിൽ ഫിഞ്ച് ബൗളർമാരെ മാറ്റിപരീക്ഷിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. ന്യൂസിലാന്‍ഡ് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. കളി അവസാനിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200. മറുപടി ബാറ്റിങില്‍ ആസ്ട്രേലിയയുടെ ഇന്നിങ്സ് 111ല്‍ അവസാനിക്കുകയായിരുന്നു.