"ഇന്ത്യയിൽ പവർപ്ലേയില്‍ പന്തെറിയുന്നതിനേക്കാൾ എളുപ്പം സഹതാരങ്ങൾക്ക് കാപ്പി ഉണ്ടാക്കിക്കൊടുക്കുന്നത്"- ഡേവിഡ് വില്ലി
ഇന്നത്തെ മത്സരത്തില്‍ ജോസ് ബട്‍ലറെ പുറത്താക്കുന്നത് താനായിരിക്കുമെന്ന് വില്ലി
ഇന്ത്യൻ പിച്ചുകൾ ബാറ്റർമാരെ അകമഴിഞ്ഞു പിന്തുണക്കുന്നതാണെന്നും പേസ് ബൗളർമാർക്ക് ഇന്ത്യൻ വിക്കറ്റുകളിൽ പന്തെറിയുന്നത് ഏറെ ദുഷ്‌കരമാണെന്നും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഓൾ റൗണ്ടർ ഡേവിഡ് വില്ലി. ഇന്ത്യൻ മൈതാനങ്ങളിൽ പവർപ്ലേ ഓവറുകളിൽ പന്തെറിയുന്നതിനേക്കാൾ എളുപ്പം ടീമിലെ സഹതാരങ്ങൾക്ക് കാപ്പി ഉണ്ടാക്കി കൊടുക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ വിക്കറ്റൊന്നും നേടാനാവാതിരുന്ന താരം മൂന്നോവറിൽ 28 റൺസാണ് വിട്ടു നൽകിയത്.
"ഇന്ത്യയിൽ പവർപ്ലേ ഓവറുകളിൽ പന്തെറിയുന്നതിനേക്കാൾ ഭേദം ടീമിലെ സഹതാരങ്ങള്‍ക്ക് കാപ്പിയുണ്ടാക്കിക്കൊടുക്കുന്നതാണ്. ബാറ്റർമാരെ അകമഴിഞ്ഞു പിന്തുണക്കുന്ന ഈ പിച്ചുകളിൽ പന്തെറിയൽ ഏറെ ദുഷ്‌കരമാണ്"- വില്ലി പറഞ്ഞു.
ഇന്ന് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് മുന്നോടിയായായാണ് വില്ലിയുടെ പ്രതികരണം. ടീമിൽ ഒത്തിണക്കം നിലനിർത്തുക എന്നതാണ് തന്നെ കോച്ച് ഏൽപ്പിച്ചിരിക്കുന്ന ചുമതലയെന്നും ഇന്നത്തെ മത്സരത്തിൽ അത് പ്രതിഫലിക്കുമെന്നു കരുതാമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് ടീമിൽ തന്‍റെ സഹതാരമായ ജോസ് ബട്‌ലറെ ഇന്ന് നേരിടുന്നതിനെക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വില്ലിയുടെ മറുപടി ഇതായിരുന്നു..
"മുംബൈക്കെതിരെ നേടിയ സെഞ്ച്വറിയുടെ ആത്മവിശ്വാസം തീർച്ചയായും ബട്‌ലർക്കുണ്ടാവും. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളാണ് അദ്ദേഹം. വിവിധ ടീമുകൾക്ക് വേണ്ടിയുള്ള പ്രകടനത്തിലൂടെ അദ്ദേഹം ഇത് തെളിയിച്ചിട്ടുമുണ്ട്. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ബട്‌ലറെ എനിക്ക് പുറത്താക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു"