''അവളെയിങ്ങെടുത്തു''; ഗാലറിയിലൊരു താര പ്രപോസല്‍

കളിക്കളത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന പ്രകടനമായിരുന്നു ഇന്ന് ദീപക് ചഹാറിന്റേത്. നാല് ഓവറിൽ 48 റൺസാണ് താരം വിട്ടുകൊടുത്തത്

Update: 2021-10-08 04:01 GMT
Editor : Shaheer | By : Web Desk
Advertising

ഐപിഎൽ 14-ാം സീസണിൽ ചെന്നൈ മറക്കാൻ ആഗ്രഹിക്കുന്ന മത്സരങ്ങളിലൊന്നായിരിക്കും ഇന്നത്തേത്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി പ്ലേഓഫ് ഉറപ്പിച്ചെങ്കിലും പഞ്ചാബ് കിങ്‌സിനോട് ആറു വിക്കറ്റിന്റെ ദയനീയമായ തോൽവിയാണ് ഇന്ന് ധോണിയും സംഘവും ഏറ്റുവാങ്ങിയത്. എന്നാൽ, ചെന്നൈ ബൗളിങ്ങിന്റെ കുന്തമുന ദീപക് ചഹാർ ജീവിതത്തിലുടനീളം ഓർക്കാൻ ആഗ്രഹിക്കുന്ന അവിസ്മരണീയദിനമായിരിക്കും ഇന്ന്. മറ്റൊന്നുംകൊണ്ടല്ല, കാമുകിയോട് വിവാഹാഭ്യാർത്ഥന നടത്തിയിരിക്കുകയാണ് താരം.

പഞ്ചാബുമായുള്ള മത്സരത്തിനു തൊട്ടുപിറകെയാണ് ചഹാർ ഡ്രസങ് റൂമിൽനിന്ന് ഇറങ്ങി ഗാലറിയിലെത്തിയത്. അവിടെയുണ്ടായിരുന്ന കാമുകിയെ കാണാൻ വന്നതായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. അപ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രപോസൽ! മുന്നിൽ ചഹാർ മുട്ടുകുത്തിനിന്ന് വിരൽ നീട്ടാൻ അഭ്യർത്ഥിച്ചപ്പോൾ ഒരുവേള കാമുകിക്കുപോലും വിശ്വസിക്കാനായില്ല.

ആദ്യം എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന കാമുകി ആലിംഗനം ചെയ്തു. പിന്നാലെ വിരൽനീട്ടി. ചഹാർ കൈയിൽ കരുതിയിരുന്ന മോതിരം അവൾക്കിട്ടുകൊടുത്തു. തിരിച്ചും അവൾ ചഹാറിന്റെ കൈയിലും മോതിരം ഇട്ടുകൊടുത്ത് സമ്മതം അറിയിച്ചു. ഇതോടെ ചുറ്റുമുണ്ടായിരുന്ന കാണികളും ടീം ഒഫീഷ്യലുകളും കൈയടിയുമായി പ്രോത്സാഹിപ്പിച്ചു. സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത വിഡിയോ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ''ചിത്രം തന്നെ എല്ലാം പറയുന്നുണ്ട്, നിങ്ങളുടെ എല്ലാവിധ അനുഗ്രഹവും വേണം'' എന്ന് താരം ചിത്രത്തോടൊപ്പം അറിക്കുറിപ്പായും Taken(ഇങ്ങെടുത്തിരിക്കുന്നു) എന്ന് ഹാഷ്‍ടാഗായും ചേര്‍ത്തിട്ടുണ്ട്.

ജീവിതപങ്കാളിയെ കണ്ടെത്തിയ ചഹാർ നായകൻ എംഎസ് ധോണിയുമായി അക്കാര്യം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഐപിഎൽ മത്സരങ്ങൾക്കിടയിൽ എപ്പോഴെങ്കിലും സർപ്രൈസ് ആയിത്തന്നെ വിവാഹാഭ്യർത്ഥന നടത്താനാണ് ആഗ്രഹമെന്നും അറിയിച്ചു. പ്ലേഓഫ് മത്സരങ്ങൾ തുടങ്ങുന്നതിനുമുൻപ് തന്നെ അതങ്ങ് നടത്താനായിരുന്നു ധോണിയുടെ ഉപദേശം. പ്ലേഓഫിനിടയിലായാൽ സഹതാരങ്ങളുടെയും താരത്തിൻരെ തന്നെയും ശ്രദ്ധമാറാനിടയാക്കുമെന്നും നായകൻ സൂചിപ്പിച്ചു. ഇതോടെയാണ്, ലീഗ് ഘട്ടത്തിലെ അവസാനമത്സരം ചഹാർ ഇതിനായി തിരഞ്ഞെടുത്തത്.

അതേസമയം, കളിക്കളത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന പ്രകടനമായിരുന്നു ഇന്ന് ദീപക് ചഹാറിന്റേത്. നാല് ഓവറിൽ 48 റൺസാണ് താരം വിട്ടുകൊടുത്തത്. പഞ്ചാബ് താരം ഷാറൂഖ്ഖാനെ പുറത്താക്കിയത് മാത്രമാണ് ഏകെ ആശ്വാസം. മുൻനിര ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകനത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് മാത്രമാണ് ചെന്നൈക്ക് സ്വന്തമാക്കാനായിരുന്നത്. മറുപടി ബാറ്റിങ്ങിൽ 42 പന്ത് ബാക്കിനിൽക്കെയായിരുന്നു പഞ്ചാബിന്റെ ആറുവിക്കറ്റ് ജയം. നായകൻ കെഎൽ രാഹുലിന്റെ വെടിക്കെട്ട് പ്രകടനമാണ്(42 പന്തിൽ എട്ട് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 98*) പഞ്ചാബിന് അവസാന മത്സരത്തിലെ ആശ്വാസജയം സമ്മാനിച്ചത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News