പ്രിഥ്വി ഷോ..; ലക്‌നൗ സൂപ്പർ ജയന്‍റ്സിന് ജയിക്കാന്‍ 150 റണ്‍സ്
ആദ്യ അഞ്ചോവറുകളിൽ തകര്‍ത്തടിച്ച ഡല്‍ഹിയെ ലക്‌നൗ ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു
അർധ സെഞ്ച്വറിയുമായി തിളങ്ങിയ ഓപ്പണർ പ്രിഥ്വിഷായുടെ മികവിൽ ലക്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ ഡൽഹി 149 റൺസെടുത്തു. 34 പന്തിൽ നിന്ന് രണ്ട് സിക്‌സറുകളുടേയും ഒമ്പത് ഫോറുകളുടേയും അകമ്പടിയിൽ പ്രിഥ്വി ഷാ 61 റൺസെടുത്തു.
ഓപ്പണിങ് വിക്കറ്റിൽ വാർണറുമൊത്ത് അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് പ്രിഥ്വി ഷാ മടങ്ങിയത്. അടുത്ത ഓവറിൽ തന്നെ വാർണറും മടങ്ങിയതോടെ ഡൽഹി സമ്മർദത്തിലായി. ആദ്യ അഞ്ചോവറുകളിൽ ദ്രുതഗതിയിൽ ചലിച്ചു കൊണ്ടിരുന്ന സ്‌കോർബോർഡ് പിന്നീട് ഒച്ചിഴയുന്ന വേഗത്തിലായി. അതിനിടെ മൂന്ന് റൺസെടുത്ത റോവ്മാൻ പവലിനെയും ഡൽഹിക്ക് നഷ്ടമായി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ റിഷഭ് പന്തും സർഫറാസ് ഖാനും നടത്തിയ പ്രകടനമാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
റിഷഭ് പന്ത് 39 റൺസെടുത്തപ്പോൾ സർഫറാസ് 36 റൺസെടുത്തു. ലക്‌നൗവിനായി സ്പിന്നർ രവി ബിഷ്‌ണോയി 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഓവറുകളിൽ തകർത്തടിച്ച ഡൽഹിയെ ലക്‌നൗ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു.