ബംഗ്ലാദേശ് താരം ശാക്കിബുല്‍ ഹസന് മൂന്ന് മത്സരങ്ങളില്‍ വിലക്ക്

ശാക്കിബിന്റെ പ്രവൃത്തിക്കെതിരെ വന്‍ വിമര്‍ശനമുയര്‍ന്നതോടെ താരം ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു.

Update: 2021-06-12 15:02 GMT
Advertising

അമ്പയറോട് അരിശം പൂണ്ട് ബെയ്ല്‍സ് ചവിട്ടിത്തെറിപ്പിക്കുകയും സ്റ്റംപ് പിഴുതെറിയുകയും ചെയ്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം ശാക്കിബുല്‍ ഹസന് മൂന്ന് മത്സരങ്ങളില്‍ വിലക്ക്. അഞ്ച് ലക്ഷം ടാക്ക പിഴയടക്കാനും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനോട് നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന ധാക്ക പ്രീമിയര്‍ ലീഗില്‍ അബഹാനി ലിമിറ്റഡും മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങിന്റെ ക്യാപ്റ്റനാണ് ശാക്കിബ്. മത്സരത്തിനിടെ മുഷ്ഫിഖുര്‍ റഹീമിന്റെ വിക്കറ്റിനായി ശാക്കിബിന്റെ എല്‍.ബി.ഡബ്ലിയു അപ്പീല്‍ അമ്പയര്‍ ഇമ്രാന്‍ പര്‍വേസ് നിഷേധിച്ചതോടെ ശാക്കിബ് നോണ്‍സ്‌ട്രൈക്കിങ് എന്‍ഡിലെ ബെയില്‍ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് അമ്പയറോട് പൊട്ടിത്തെറിച്ചു.

ശാക്കിബിന്റെ ക്ഷോഭം അവിടെയും തീര്‍ന്നില്ല. അബഹാനി ലിമിറ്റഡ് ഇന്നിങ്‌സിലെ ആറാം ഓവറില്‍ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെച്ചു. ഇതിനെ തുടര്‍ന്ന് നോണ്‍സ്‌ട്രൈക്കിങ് എന്‍ഡിലെ അമ്പയറുടെ അടുത്തേക്ക് ക്ഷുഭിതനായി ഓടിയെത്തിയ ശാക്കിബ് മൂന്ന് സ്റ്റമ്പുകളും പിഴുതെടുത്ത് പിച്ചിലേക്ക് എറിയുകയായിരുന്നു.

ശാക്കിബിന്റെ പ്രവൃത്തിക്കെതിരെ വന്‍ വിമര്‍ശനമുയര്‍ന്നതോടെ താരം ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു. മത്സരത്തിനിടെ നിയന്ത്രണം വിട്ടതിനും മത്സരം തടസപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നു. ഒരു സീനിയര്‍ താരത്തില്‍ നിന്നുണ്ടാവേണ്ട പെരുമാറ്റമല്ല ഇത്. എന്നാല്‍ ചിലപ്പോള്‍ നിര്‍ഭാഗ്യങ്ങള്‍ സംഭവിക്കുന്നു. ടീമുകളോടും മാനേജ്‌മെന്റിനോടും ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍സിനോടും സംഘാടകരോടും ഈ മാനുഷികമായ തെറ്റിന് ക്ഷമ ചോദിക്കുന്നു. ഭാവിയില്‍ ഇത്തരമൊരു വീഴ്ച ആവര്‍ത്തിക്കില്ല-ശാക്കിബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News