അടുത്ത വര്‍ഷം ഐ.പി.എല്ലിലുണ്ടാമോ ? ധോണിയുടെ മറുപടി ഇങ്ങനെ
ചെന്നൈ സൂപ്പര്‍ കിങ്സ് വയസന്‍ പടയാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പുറകെ 40 വയസ് തികഞ്ഞ ധോണി ഈ വർഷത്തോടെ തന്‍റെ ഐ.പി.എല്‍ കരിയറവസാനിപ്പിച്ചേക്കുമെന്ന റൂമറുകൾ പുറത്ത് വന്നിരുന്നു
ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി അടുത്ത വര്‍ഷം ഐ.പി.എല്ലിലുണ്ടാവുമോ?. ഐ.പി.എല്‍ 14ാം സീസണ്‍ ആരംഭിച്ചത് മുതല്‍ ക്രിക്കറ്റ് ആരാധകരുടെ ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണിത്. ചെന്നൈയുടെ ചരിത്രത്തിൽ ധോണിയല്ലാതെ മറ്റൊരു ക്യാപ്റ്റൻ ഇത് വരെ ടീമിന്‍റെ നായകസ്ഥാനത്തെത്തിയിട്ടില്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് വയസന്‍ പടയാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിറകെ 40 വയസ് തികഞ്ഞ ധോണി ഈ വർഷത്തോടെ തന്‍റെ ഐ.പി.എല്‍ കരിയറവസാനിപ്പിച്ചേക്കുമെന്ന റൂമറുകൾ പുറത്ത് വന്നിരുന്നു.
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍ ചെന്നൈ നായകന്‍. ചെന്നൈയുടെ നാലാം കിരീടനേട്ടത്തിന് പുറകെയാണ് ധോണിയുടെ പ്രതികരണം. അടുത്ത വര്‍ഷവും ടീമിൽ തുടരുമെന്ന സൂചനയാണ് ധോണി നൽകുന്നത് . ഫൈനലിന് ശേഷം 2022 ൽ ചെന്നൈക്കൊപ്പമുണ്ടാവുമോ എന്ന ഹർഷാ ബോഗ്ലെയുടെ ചോദ്യത്തിന് 'ഞാൻ ഇനിയും ടീം വിട്ടിട്ടെല്ലെന്നാണ്' ധോണി മറുപടി നൽകിയത്.
'ഞാൻ ചെന്നൈ നിരയിൽ തുടരുമോ എന്നതല്ല ടീമിന് എന്താണ് ഗുണം ചെയ്യുക എന്നതാണ് പ്രധാനം. ഇപ്പോഴുള്ള ടീമിന് അടുത്ത പത്ത് വർഷം ചെന്നൈയെ വിജയങ്ങളിലേക്ക് നയിക്കാൻ കഴിയണം. ടീമിന് ഏറ്റവും ഗുണം ചെയ്യുന്നത് എന്താണോ അതാണ് ഞങ്ങൾക്കാവശ്യം'.ധോണി പറഞ്ഞു.
കളിക്ക് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പ്രകടനത്തെയും ധോണി പ്രശംസിച്ചു. ഈ സീസണിൽ കിരീടം നേടാൻ ഏറ്റവും അർഹതയുണ്ടായിരുന്ന ടീമാണ് കൊൽക്കത്ത എന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയുടെ നാലാം കിരീട നേട്ടത്തിൽ വലിയ ആഹ്ളാദമുണ്ടെന്നും ആരാധകരുടെ പിന്തുണക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.