'വഴക്കുണ്ടാവാറുണ്ട്, പക്ഷെ അദ്ദേഹം എന്‍റെ സഹോദരൻ' ; ബ്രാവോയെ പുകഴ്ത്തി ധോണി
കഴിഞ്ഞ കളിയില്‍ വിരാട് കോലിയെ പുറത്താക്കി ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത് ബ്രാവോ ആയിരുന്നു.
ബാംഗ്ലൂരിനെതിരായ മിന്നും പ്രകടനത്തിന് ശേഷം ഡ്വൈന്‍ ബ്രാവോയെ പുകഴ്ത്തി ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. തങ്ങൾക്കിടയിൽ സ്ലോ ബോൾ എറിയുന്നതിനെ ചൊല്ലി എപ്പോഴും വഴക്കുണ്ടാവലുണ്ട് എന്നും എന്നാൽ അദ്ദേഹം ഇപ്പോൾ സ്ലോ ബോളുകളുടെ പേരിലാണ് അറിയപ്പെടുന്നത് എന്നും വഴക്കടിച്ചാലും അദ്ദേഹം തന്‍റെ സഹോദരനാണ് എന്നും ധോണി പറഞ്ഞു.
'ടി 20 സ്‌പെഷ്യലിസ്റ്റാണ് ബ്രാവോ.ടീമിന് ആവശ്യമുള്ള സമയങ്ങളിലൊക്കെ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നു. സ്ലോ ബോളുകളെ ചൊല്ലി ഞാനും അദ്ദേഹവും തമ്മിൽ എപ്പോഴും വഴക്കുണ്ടാവലുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം അറിയപ്പെടുന്നതു തന്നെ സ്ലോ ബോളുകളുടെ പേരിലാണ്.ഫാസ്റ്റ് ബൗളറായ അദ്ദേഹം സ്ലോബോളുകൾ എറിഞ്ഞ് ബാറ്റ്‌സ്മാൻമാരെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ടേ ഇരിക്കുന്നു. ചില ഓവറുകളിൽ അദ്ദേഹം സ്ലോബോളുകൾ എറിയാതിരുന്നാൽ ബ്രാവോ എന്താണ് സ്ലോ ബോൾ എറിയാതിരുന്നത് എന്ന് ബാറ്റ്‌സ്മാന്മാർ ചോദിക്കും.' ധോണി പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കി ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്ന ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിയെ പുറത്താക്കി ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത് ബ്രാവോയാണ്. അതിന് ശേഷം ബാംഗ്ലൂർ ബാറ്റിംഗ് നിര തകരുകയായിരുന്നു. 156 റൺസെടുത്ത ബാംഗ്ലൂരിനെതിരെ ഗെയ്ക് വാദിന്‍റേയും ഡുപ്ലെസീസിന്‍റേയും അംബാട്ടി റായിഡുവിന്‍റേയും മികവിൽ 11 പന്ത് ബാക്കി നിൽക്കെ ചെന്നൈ വിജയത്തിലെത്തി.