ക്രിക്കറ്റ് അക്കാദമി കരാറിൽ 15 കോടി പറ്റിച്ചു;സ്‌പോർട്‌സ് കമ്പനിക്കെതിരെ കേസ് കൊടുത്ത് എംഎസ് ധോണി
ധോണിയുടെ പേരിൽ ക്രിക്കറ്റ് അക്കാദമികൾ സ്ഥാപിക്കുകയും കരാർ പ്രകാരമുള്ള പണം നൽകാതിരിക്കുകയുമായിരുന്നു
വിവിധയിടങ്ങളിൽ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറിൽ 15 കോടി നൽകാതെ വഞ്ചിച്ച സ്‌പോർട്‌സ് കമ്പനി ഡയറക്ടർമാർക്കെതിരെ കേസ് കൊടുത്ത് മുൻ ഇന്ത്യൻ നായകൻ മഹീന്ദ്ര സിംഗ് ധോണി. ആർക സ്‌പോർട്‌സ് മാനേജ്‌മെൻറ് ഡയറക്ടർമാരായ മിഹിർ ദിവാകർ, സൗമ്യ വികാഷ് എന്നിവർക്കെതിരെയാണ് താരം കേസ് കൊടുത്തത്. 2017ൽ ഒപ്പുവെച്ച ക്രിക്കറ്റ് അക്കാദമി കരാറിലെ നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് റാഞ്ചിയിലാണ് ക്രിമിനൽ കേസ് നൽകിയത്.
ഇന്ത്യൻ പീനൽകോഡിന്റെ 406, 420 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ധോണിയുടെ പ്രതിനിധിയായ വിധി അസോസിയേറ്റിലെ അഡ്വക്കേറ്റ് ദയാനന്ദ് സിംഗ് അറിയിച്ചു. കേസിലെ കുറ്റാരോപിതർ ധോണിയുടെ പേരിൽ അദ്ദേഹമറിയാതെ ക്രിക്കറ്റ് അക്കാദമികൾ സ്ഥാപിക്കുകയും കരാർ പ്രകാരമുള്ള പണം നൽകാതിരിക്കുകയുമായിരുന്നു. ഒരു ഫ്രാഞ്ചസി ഫീ മുഴുവനായും ലാഭം 70:30 അനുപാതത്തിലും ധോണിക്ക് നൽകുമെന്നായിരുന്നു കരാർ. എന്നാൽ ഇവ പാലിക്കാതെയും വിവരം അറിയിക്കാതെയും കമ്പനി അക്കാദമികളും സ്‌പോർട്‌സ് കോംപ്ലക്‌സുകളും സ്ഥാപിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ധോണി ആർക സ്‌പോർട്‌സിന് വക്കീൽ നോട്ടീസയച്ചെങ്കിലും മറുപടി നൽകിയില്ല. ഇതോടെ അവർക്ക് നൽകിയ അംഗീകാര പത്രം 2021 ആഗസ്ത് 15ന് ധോണി പിൻവലിച്ചു. പിന്നീട് 2023 ഒക്‌ടോബർ 27ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കേസ് കൊടുത്ത ശേഷം പ്രതി മിഹിർ ദിവാകർ തന്നെ ഭീഷണിപ്പെടുത്തയതായി കാണിച്ച് ധോണിയുടെ സുഹൃത്ത് സീമന്ത് ലോഹാനി ( ചിട്ടു) കേസ് നൽകി.
പുതുവത്സരാഘോഷത്തിനായി ദുബായിലായിരുന്ന ധോണി ഈയിടെയാണ് തിരിച്ചെത്തിയത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തടക്കം ധോണിക്കൊപ്പം യാത്രയിലുണ്ടായിരുന്നു.