ധോണിക്ക് ലഭിച്ചതുപോലെയുള്ള പിന്തുണ മറ്റാർക്കും കിട്ടിയിട്ടില്ല; ആരോപണവുമായി ഹർഭജൻ സിങ്
സീ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഹർഭജന്റെ ആരോപണം
എംഎസ് ധോണിയെ പിന്തുണച്ചതുപോലെ ബിസിസിഐ മറ്റാരെയും പിന്തുണച്ചിട്ടില്ലെന്ന് ഇന്ത്യയുടെ മുൻ സ്പിന്നർ ഹർഭജൻ സിങ്. ധോണിക്ക് ലഭിച്ചതുപോലുള്ള പിന്തുണ മറ്റ് താരങ്ങൾക്ക് ലഭിച്ചിരുന്നെങ്കിൽ അവർ നന്നായി കളിച്ചേനെ എന്നും ഹർഭജൻ പറഞ്ഞു. സീ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഹർഭജന്റെ ആരോപണം.
''ധോണിക്ക് മറ്റുള്ളവരെക്കാൾ പിന്തുണ ലഭിച്ചിരുന്നു. മറ്റു താരങ്ങൾക്ക് ഇതുപോലെ പിന്തുണ ലഭിച്ചിരുന്നെങ്കിൽ അവരും നന്നായി കളിച്ചേനെ. പെട്ടെന്ന് പന്തെറിയാൻ മറന്നതുപോലെയോ ബാറ്റ് വീശാൻ മറന്നുപോയതുപോലെയോ ആയിരുന്നില്ല അത്.''- ഹർഭജൻ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 24നാണ് ഹർഭജൻ വിരമിക്കൽ പ്രഖ്യാപിച്ചത്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട കരിയർ അദ്ദേഹം അറിയിച്ചത്. ഐപിഎൽ മത്സരങ്ങളിലും താരം ഇനി കളിക്കില്ല. 41 വയസ്സുകാരനായ താരം 2016ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്.
1998ൽ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഹർഭജൻ സിങ്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങൾ അക്കൊല്ലം തന്നെ നടന്നു. 2006ൽ ടി-20 അരങ്ങേറ്റവും നടന്നു. 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകളാണ് താരത്തിനുള്ളത്. ഭേദപ്പെട്ട ലോവർ ഓർഡർ ബാറ്റർ കൂടിയായ ഹർഭജൻ 9 ഫിഫ്റ്റിയും 2 സെഞ്ചുറിയും സഹിതം ടെസ്റ്റിൽ 2224 റൺസും നേടിയിട്ടുണ്ട്. 236 ഏകദിന മത്സരങ്ങളിൽ നിന്ന് 269 വിക്കറ്റുകളും 28 ടി-20കളിൽ നിന്ന് 25 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി.