സഞ്ജുവിനെ മാറ്റി ചഹലിനെ ക്യാപ്റ്റനാക്കിയോ? രാജസ്ഥാൻ റോയൽസിന്റെ ആ ട്വീറ്റിന് പിന്നിൽ...
രാജസ്ഥാന്‍റെ പുതിയ നായകനായി യുസ്‌വേന്ദ്ര ചാഹലിനെ തെരഞ്ഞെടുത്തുവെന്നായിരുന്നു ട്വീറ്റ്. താഴെ സഞ്ജു സാംസണ്‍ ആശംസകളുമായി എത്തിയതോടെ സംഗതി സത്യമാണോ എന്ന് വിശ്വസിച്ചു.
തങ്ങളുടെ പുതിയ ക്യാപ്റ്റനായി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിനെ നിയമിച്ചുവെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ട്വീറ്റ് കണ്ട ആരാധകര്‍, പ്രത്യേകിച്ച് മലയാളികള്‍ ഒന്ന് അമ്പരന്നു. രാജസ്ഥാന്‍റെ പുതിയ നായകനായി യുസ്‌വേന്ദ്ര ചാഹലിനെ തെരഞ്ഞെടുത്തുവെന്നായിരുന്നു ട്വീറ്റ്. താഴെ സഞ്ജു സാംസണ്‍ ആശംസകളുമായി എത്തിയതോടെ സംഗതി സത്യമാണോ എന്ന് വിശ്വസിച്ചു.
എന്നാല്‍, കുറച്ചു നേരത്തെ അങ്കലാപ്പിന് ശേഷം രാജസ്ഥാന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ആ ക്യാപ്റ്റന്‍ സംഭവത്തിന്റെ ചുരുളഴിഞ്ഞു. യൂസ്‌വേന്ദ്ര ചഹല്‍ തന്നെയായിരുന്നു അക്കൗണ്ട് കൈകാര്യം ചെയ്തതും, പുതിയ ക്യാപ്റ്റനായി തന്നെ നിയമിച്ചുവെന്ന് 'സ്വയം' പ്രഖ്യാപിച്ച് പോസ്റ്റിട്ട് കളിച്ചതും. രാജസ്ഥാന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ടീം മാനേജ്‌മെന്റ് നല്‍കിയതോടെയാണ് ചഹല്‍ രാജസ്ഥാന്റെ അക്കൗണ്ട് 'ഹാക്ക്' ചെയ്തത്. പുതിയ ചുമതല കിട്ടിയ ശേഷം 'ഇനി കുറച്ച് ഫണ്‍ ആവാം' എന്ന മട്ടിലായിരുന്നു താരം ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്വയം അവരോധിച്ചത്.
അതേസമയം ചാഹലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തുവെന്ന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്വീറ്റ് റോയല്‍സിലെ തന്നെ പലരെയും ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ചാഹല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന രസകരമായൊരു വീഡിയോ ട്വീറ്റ് ചെയ്തായിരുന്നു തുടക്കം. ഈ വീഡിയോക്ക് മറുപടിയായി താനിപ്പോള്‍ രാജസ്ഥാന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യുമെന്ന് ചാഹല്‍ കുറിച്ചു. പിന്നാലെയായിരുന്നു നായകനായി സ്വയം പ്രഖ്യാപിച്ചതും.
2014 മുതല്‍ ബെംഗളൂരുവിന്റെ ഭാഗമായിരുന്ന ചഹലിനെ ടീം നിലനിര്‍ത്തിയിരുന്നില്ല. ഇതോടെയാണ് ചഹല്‍ മെഗാലേലത്തിന്റെ ഭാഗമായതും, 6.5 കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തിയതും. ഐ.പി.എല്ലിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരുവനാണ് ചഹല്‍. ബെംഗളൂരുവിന് വേണ്ടിയായിരുന്നു താരം ഐ.പി.എല്ലിലെ തന്റെ മികച്ച പ്രകടനങ്ങളെല്ലാം തന്നെ പുറത്തെടുത്തത്.