ഡി.കെ മാജിക് ഇനിയില്ല; ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കാർത്തിക്

ബംഗ്ലാദേശിനെതിരായ 2022 ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യൻ ജഴ്‌സി അണിഞ്ഞത്.

Update: 2024-06-01 17:50 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ന്യൂഡൽഹി: ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽനിന്നും ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്. തന്റെ 39-ാം ജന്മദിനത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ കാർത്തിക് തീരുമാനം അറിയിച്ചത്. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പുറത്തായതിന് പിന്നാലെ ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ 2022 ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യൻ ജഴ്‌സി അണിഞ്ഞത്.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ലഭിച്ച പിന്തുണയും സ്‌നേഹവും ഏറെ ആസ്വദിച്ചു. ഈ വികാരം സാധ്യമാക്കിയ എല്ലാ ആരാധകർക്കും എന്റെ നന്ദി അറിയിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു'. വിരമിക്കൽ കുറിപ്പിൽ കാർത്തിക് കുറിച്ചു.

2004 സെപ്റ്റംബറിൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ 50 ഓവർ ഫോർമാറ്റിൽ ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ചതിന് ശേഷം രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ കാർത്തിക് ഇന്ത്യക്കായി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും കളിച്ചു. ഏകദിനത്തിൽ 30.21 ശരാശരിയിൽ 1752 റൺസും ട്വന്റി 20 യിൽ 26.38 ശരാശരിയിൽ 686 റൺസും നേടി. ടെസ്റ്റിൽ 42 ഇന്നിങ്‌സുകളിൽ നിന്ന് 1025 റൺസാണ് കാർത്തിക്കിന്റെ സമ്പാദ്യം.

മഹേന്ദ്ര സിങ് ധോണി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന സമയങ്ങളിൽ താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തെ തുടർന്ന് 2022 ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് സെലക്ട് ചെയ്തിരുന്നു. 401 ടി20 മത്സരങ്ങളിൽ 34 അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെ 7407 റൺസാണ് താരം നേടിയത്. ആർ.സി.ബിക്ക് പുറമെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായും കളിച്ചിരുന്നു. 2007 ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News