സീറ്റുകൾ കാലി; ആളും ആരവവുമില്ലാതെ മോദി സ്‌റ്റേഡിയം
ഉദ്ഘാടന മത്സരത്തിന്‍റെ നാൽപ്പതിനായിരം ടിക്കറ്റുകൾ ഗുജറാത്ത് ബിജെപി വാങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു.
അഹമ്മദാബാദ്: ആളും ആരവവുമില്ലാതെ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് വേദിയായ അഹമ്മാദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലേക്ക് മത്സരം കാണാൻ വിരലിലെണ്ണാവുന്ന കാണികളേ എത്തിയുള്ളൂ. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്‌സ് അപ്പായ ന്യൂസിലാൻഡും തമ്മിലാണ് ആദ്യ മത്സരം. കാണികളിൽ നിന്നു ലഭിച്ച തണുപ്പൻ പ്രതികരണം സംഘാടകർക്ക് തിരിച്ചടിയായി.
ഉദ്ഘാടന ദിവസം ആഘോഷങ്ങളില്ലാഞ്ഞതും കാണികൾ കുറയാൻ കാരണമായി. നേരത്തെ, നാലാം തിയ്യതി പരിപാടി വയ്ക്കാൻ ആലോചിച്ചിരുന്നെങ്കിലും ബിസിസിഐ പിന്നീട് പിന്മാറുകയായിരുന്നു. ഒക്ടോബർ 14ന് നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുമ്പോടിയായി ചില പരിപാടികൾ ഉണ്ടാകുമെന്നാണ് വിവരം.
കാണികളില്ലാത്ത സ്റ്റേഡിയത്തിന്റെ ചിത്രവും വീഡിയോയും നിരവധി വിദേശ മാധ്യമപ്രവർത്തകര്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. 132000 പേർക്ക് ഇരിക്കാൻ ശേഷിയുള്ള കൂറ്റൻ സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്. നേരത്തെ, ഉദ്ഘാടന മത്സരത്തിന്‍റെ നാൽപ്പതിനായിരം ടിക്കറ്റുകൾ ഗുജറാത്ത് ബിജെപി വാങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു.
അതിനിടെ, ആദ്യ മത്സരത്തിൽ 34 ഓവർ പിന്നിടുമ്പോൾ നാലു വിക്കറ്റിന് 191 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. അർധ സെഞ്ച്വറി നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ടോം ലാത്തം നിലവിലെ ചാമ്പ്യന്മാരെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.