ദ്രാവിഡിനെ അസ്വസ്ഥനാക്കിയ ഒരു ചോദ്യം
കളത്തിലും പുറത്തും ക്രിക്കറ്റിെൻറ മാന്യതക്ക് ഒരു പേരുദോഷവും കേൾപ്പിക്കാത്തയാളാണ് ദ്രാവിഡ്. ക്രിക്കറ്റിൽ വിവാദകൊടുങ്കാറ്റുയർത്തിയ പലസംഭവങ്ങളിലും സാക്ഷിയായി ഉണ്ടായിട്ട് പോലും അയാളൊന്നിലും ഭാഗമായിരുന്നില്ല. ദ്രാവിഡ് ദേഷ്യപ്പെടുക എന്നത് പലരുടെയും സങ്കൽപ്പത്തിൽ പോലുമില്ലാത്ത കാര്യമാണ്. ഇടക്കാലത്ത് ഗതാഗതക്കുരുക്കിൽ ദേഷ്യപ്പെടുന്ന റോളിലുള്ള ദ്രാവിഡിെൻറ പരസ്യം പോലും വൈറലായത് അക്കാരണത്താലാണ്.
‘‘ഇന്ദിരാനഗർ കാ ഗുണ്ടാ ഹൂൻ മേം’’ എന്ന പരസ്യത്തിലെ ദ്രാവിഡിെൻറ അഗ്രസീവ് ഡയലോഗ് പോലും സോഷ്യൽ മീഡിയ ഏറ്റെടുത്തു.
എന്നാൽ അസ്ഥാനത്തുള്ള മാധ്യമപ്രവർത്തകരുടെ ചിലചോദ്യങ്ങൾ സാക്ഷാൽ ദ്രാവിഡിനെപ്പോലും ചൊടിപ്പിക്കും. ട്വൻറി 20 ലോകകപ്പിൽ സൂപ്പർ 8 ലെ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി അഫ്ഗാൻ കോച്ച് ജൊനാഥൻ ട്രോട്ടിനൊപ്പം വാർത്ത സമ്മേളനത്തിന് വന്നതായിരുന്നു ദ്രാവിഡ്. പതിവുപോലെ ചോദ്യങ്ങൾക്ക് ദ്രാവിഡ് കൂളായി മറുപടി പറഞ്ഞുതുടങ്ങി.
പെട്ടെന്നാണ് ദ്രാവിഡ് പ്രതീക്ഷിക്കാത്ത ഒരു ചോദ്യമെത്തിയത്. ഈ ഗ്രൗണ്ടിനെക്കുറിച്ച് ആലോചിക്കുേമ്പാൾ 1997 ൽ കളിക്കാരനായി വന്ന ടെസ്റ്റ് മത്സരം മനസ്സിൽ വരുന്നുണ്ടോയെന്നായിരുന്നു ചോദ്യം. താങ്ക്സ് എ ലോട്ട് ബഡി. എനിക്ക് എെൻറ ജീവിതത്തിൽ ഒരുപാട് നല്ല ഓർമകളുമുണ്ടല്ലോ എന്നായിരുന്നു ദ്രാവിഡിെൻറ ആദ്യത്തെ മറുപടി.
തൊട്ടുപിന്നാലെ നാളത്തെ മത്സരത്തിൽ കുറച്ചുനല്ല ഓർമകൾ ഉണ്ടാകുമോ എന്നായി അടുത്ത ചോദ്യം.
ശാന്തനായാണ് പ്രതികരിച്ചതെങ്കിലും ദ്രാവിഡ് ആ ചോദ്യത്തിൽ അസ്വസ്ഥനായിരുന്നു. എനിക്ക് പുതുതായി ഒന്നും ഉണ്ടാക്കേണ്ട. ഞാൻ കാര്യങ്ങളിൽ നിന്നും പെട്ടെന്ന് മുന്നോട്ടുപോകുന്നയാളാണ്. പോയ കാലങ്ങളിലേക്ക് നോക്കാറില്ല. വർത്തമാനകാലത്ത് ജീവിക്കുന്നയാളാണ്. 97ൽ എന്തുസംഭവിച്ചു അതെല്ലെങ്കിൽ മറ്റൊരു വർഷം എന്തുസംഭവിച്ചു എന്നൊന്നും ഞാൻ നോക്കാറില്ല. നാളത്തെ മത്സരം ജയിക്കുകയാണെങ്കിൽ അന്നത്തെ സ്കോർ കൂട്ടിത്തരുകയാണെങ്കിൽ ഞാൻ ഹാപ്പിയാകും. പക്ഷേ നാളത്തെ മത്സരം വിജയിച്ചാലും അന്നത്തെ സ്കോർ 81 തന്നെ ആയിരിക്കുമല്ലോ.. അതുകൊണ്ടുതന്നെ എനിക്ക് പോയകാലത്തേക്ക് നോക്കാൻ താൽപര്യമില്ല. പൊട്ടിത്തെറിച്ചില്ലെങ്കിലും പറയാനുള്ളത് വ്യക്തമായിത്തന്നെ ദ്രാവിഡ് പറഞ്ഞു.
ഇന്ത്യ അഫ്ഗാൻ മത്സരം നടക്കുന്ന ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ ഇന്ത്യയും വെസ്റ്റിൻഡീസും 1997ൽ ഏറ്റുമുട്ടിയ സംഭവമാണ് റിപ്പോർട്ടർ ദ്രാവിഡിനെ ഓർമിപ്പിച്ചത്. അന്ന് ആദ്യ ഇന്നിങ്സിൽ ചന്ദർപോളിെൻറ സെഞ്ച്വറി മികവിൽ വിൻഡീസ് കുറിച്ചത് 298 റൺസ്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ സച്ചിെൻറയും ദ്രാവിഡിെൻറയും അർധ സെഞ്ച്വറികളുടെ മികവിൽ 319 റൺസെടുത്തു. ഇന്ത്യക്ക് നേരിയ ലീഡ്. രണ്ടാം ഇന്നിങ്സിൽ വിൻഡീസ് 140 റൺസിന് പുറത്തായതോടെ ഇന്ത്യ വിജയിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ വെറും 81 റൺസിന് പുറത്തായി ഇന്ത്യ എല്ലാവരെയും ഞെട്ടിച്ചു. 19 റൺസെടുത്ത വിവിഎസ് ലക്ഷമണല്ലാതെ ഒരാൾക്കും രണ്ടക്കം പോലും കടക്കാനായില്ല. ദ്രാവിഡ് 2 റൺസിന് പുറത്താകുകയും ചെയ്തു. ഇന്ത്യക്കാർ ഒരിക്കലും ഓർക്കാൻ ഇഷ്ടമില്ലാത്ത ഒരു മത്സരത്തെ അനാവശ്യമായി റിപ്പോർട്ടർ വലിച്ചുകൊണ്ടുവരികയായിരുന്നുവെന്ന് ചുരുക്കം.