സുഖകരമായിരുന്നില്ല കാര്യങ്ങൾ, അവരെ ഇങ്ങനെ കാണാനും പ്രയാസമായിരുന്നു': മത്സരശേഷം ഡ്രസിങ് റൂമിലെ അവസ്ഥ പങ്കുവെച്ച് ദ്രാവിഡ്
''പരിശീലകൻ എന്ന നിലയിൽ ഇങ്ങനെയുള്ള കാഴ്ച ബുദ്ധിമുട്ടേറിയതാണ്. ഇവർ ആത്മാർഥമായി എത്രത്തോളം ജോലി ചെയ്തുവെന്ന് എനിക്കറിയാം''
അഹമ്മദാബാദ്: ആറ് വിക്കറ്റിന്റെ വിജയം ആസ്‌ട്രേലിയ ആഘോഷിക്കുമ്പോൾ നായകന്‍ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും അടങ്ങുന്ന ഇന്ത്യൻ സംഘം കണ്ണീരോടെ കളം വിടുകയായിരുന്നു. തോൽവിയുടെ നിരാശയിൽ സിറാജിന്റെ കണ്ണ് നിറഞ്ഞപ്പോൾ ബുംറ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
ഡ്രസിങ് റൂമിലും സമാനമായിരുന്നു കാര്യങ്ങളെന്ന് പറയുകയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഡ്രസിങ് റൂമിൽ വൈകാരികമായ നിമിഷങ്ങളായിരുന്നു അരങ്ങേറിയതെന്ന് ദ്രാവിഡ് വെളിപ്പെടുത്തി.
''പരിശീലകൻ എന്ന നിലയിൽ ഇങ്ങനെയുള്ള കാഴ്ച ബുദ്ധിമുട്ടേറിയതാണ്. ഇവർ ആത്മാർഥമായി എത്രത്തോളം ജോലി ചെയ്തുവെന്ന് എനിക്കറിയാം''- ദ്രാവിഡ് പറഞ്ഞു.
''ഇവരെ ഓരോരുത്തരേയും വ്യക്തിപരമായി എനിക്കറിയാം. ഒരു പരിശീലകനെന്ന നിലയിൽ ഇത്തരത്തിലുള്ള വിഷമം കാണുന്നത് ബുദ്ധിമുട്ടാണ്. പക്ഷേ ഇത് സ്‌പോർട്‌സാണ്. ആ ദിവസത്തെ മികച്ച ടീം വിജയിക്കും. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളും. ഉയർച്ച താഴ്ചകൾ ഏത് കായിക ഇനത്തിലുമുണ്ടാകുമെന്നും'' ദ്രാവിഡ് കൂട്ടിച്ചേർത്തു.
അതേസമയം പരിശീലകൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡുമായുള്ള കരാർ ഈ ലോകകപ്പോടെ അവസാനിക്കും. ദ്രാവിഡിന് കരാർ നീട്ടിക്കൊടുക്കുമോ പുതിയൊരാൾ വരുമോ എന്നൊന്നും ഇപ്പോൾ വ്യക്തമല്ല. കരാർ നീട്ടിക്കൊടുത്താലും തുടരാൻ ദ്രാവിഡിന് താത്പര്യം ഉണ്ടാകുമോ എന്നും അറിയേണ്ടതുണ്ട്. ഏതായാലും ഈ ലോകകപ്പിലുടനീളം പരാതികൾ കേൾപ്പിക്കാതെയാണ് ദ്രാവിഡ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്.
ഫൈനലിലൊഴികെ എല്ലാ മത്സരവും ആധികാരികമായി വിജയിച്ചതിനാൽ ദ്രാവിഡിന്റെ പരിശീലന മികവിലൊന്നും പരാതിയില്ല. ടി20 ലോകകപ്പാണ് അടുത്ത വർഷം ഇന്ത്യയെ കാത്തിരിക്കുന്നത്. ഏകദിന ലോകകപ്പ് സംഘത്തിലെ ആരൊക്കെ ടി20 ലോകകപ്പിലുണ്ടാകും എന്നതൊക്കെ വരും നാളുകളിലെ അറിയാൻ കഴിയൂ.