ടി20യിൽ പിറന്നത് 428 റൺസ്! ഇംഗ്ലണ്ടിനെ തകർത്ത് വെസ്റ്റ്ഇൻഡീസ്, തകര്‍പ്പന്‍ ജയം
ടോസ് നേടിയ ഇംഗ്ലണ്ട് വിൻഡീസിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. 48 റൺസ് ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീഴ്ത്താനായി എന്ന് മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുണ്ടായിരുന്നത്.
ഫോമിലായാൽ ടി20യിൽ വിൻഡീസിനെ വെല്ലാൻ ആരും ഇല്ലെന്ന് ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20. ടി20യിൽ വെസ്റ്റ് ഇൻഡീസിലെ കൂടുതൽ റൺസ് പിറന്ന മത്സരത്തിൽ 20 റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് കീരൺ പൊള്ളാർഡ് നയിച്ച വിൻഡീസ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിൻഡീസ് മുന്നിലെത്തി(2-1).
സ്‌കോർബോർഡ് ചുരുക്കത്തിൽ: വെസ്റ്റ്ഇൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 224. ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 204
428 റൺസാണ് മൂന്നാം ടി20യിൽ ആകെ പിറന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് വിൻഡീസിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. 48 റൺസ് ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീഴ്ത്താനായി എന്ന് മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുണ്ടായിരുന്നത്. പിന്നീട് നിക്കോളാസ് പുരാനും റോംവാൻ പവലും ചേർന്ന് ഇംഗ്ലണ്ടിനെ കശക്കുകയായിരുന്നു. 53 പന്തിൽ നിന്ന് 107 റൺസാണ് പവൽ നേടിയത്. പന്ത് പോകുന്നതും നോക്കി നില്‍ക്കാനായിരുന്നു ഇംഗ്ലണ്ട് ഫീല്‍ഡര്‍മാരുടെ വിധി.
10 സിക്‌സറുകളും നാല് ബൗണ്ടറികളും ചന്തം ചാർത്തിയ ഇന്നിങ്‌സ്. 43 പന്തിൽ നിന്ന് അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 70 റൺസാണ് പുരാൻ നേടിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 122 റൺസ്. ഇംഗ്ലണ്ടിന്റെ എല്ലാ ബൗളര്‍മാരും കണക്കിന് തല്ലുവാങ്ങിക്കൂട്ടി. മറുപടി ബാറ്റിങിൽ ഇംഗ്ലണ്ടും തിരിച്ചടിച്ചെങ്കിലും 20 ഓവറും പൂർത്തിയായപ്പോൾ ജയത്തിന് ഇനിയും 20 റൺസ് വേണമായിരുന്നു.
ഇംഗ്ലണ്ടിനായി ഓപ്പണര്‍ ടോം ബാന്റണും ഫില്‍ സാള്‍ട്ടും മികച്ച പ്രകടനം പുറത്തെടുത്തു. ബാന്റണ്‍ 39 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെ 73 റണ്‍സെടുത്തപ്പോള്‍ സാള്‍ട്ട് 24 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെ 57 റണ്‍സെടുത്തു. ജാസണ്‍ റോയിയും(19) മുഇൌന്‍ അലിക്കും(0) തിളങ്ങാനായില്ല. വെസ്റ്റ് ഇന്‍ഡീസിനായി റൊമാരിയോ ഷെപ്പേര്‍ഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. സെഞ്ചുറി നേടി തിളങ്ങിയ പവലാണ് മത്സരത്തിലെ താരം.
നാലാം ടി20 മത്സരം ശനിയാഴ്ച നടക്കും. ആദ്യ ടി20യിൽ വിൻഡീസ് 9 വിക്കറ്റിന് വിജയിച്ചപ്പോൾ ഒരു റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് രണ്ടാം ടി20യിൽ ഇംഗ്ലണ്ട് നേടിയത്.