ലോഡ്‌സിൽ എട്ടാമനായി ക്രീസിലെത്തി സെഞ്ച്വറി; അപൂർവ്വ ക്ലബിൽ ഇംഗ്ലണ്ട് താരം അറ്റ്കിൻസൺ
ലോർഡ്‌സിൽ എട്ടാമതോ അതിന് ശേഷമോ ബാറ്റിംഗിനിറങ്ങി സെഞ്ചുറി നേടുന്ന ആറാമത്തെ താരമായിരിക്കുകയാണ് ഇംഗ്ലീഷ് പേസർ
ലണ്ടൻ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ലോഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 427 റൺസ് കുറിച്ചു. ജോ റൂട്ടിന് പുറമെ(143) ഗസ് അറ്റ്കിൻസണും (118) സെഞ്ചുറിയുമായി തിളങ്ങി. എട്ടാമതായി ക്രീസിലെത്തിയ അറ്റ്കിൻസൺ വിഖ്യാത മൈതാനത്ത് സ്വപ്‌ന പ്രകടനം പുറത്തെടുക്കുകയായിരുന്നു. 115 പന്തിൽ 14 ഫോറും നാല് സിക്‌സറും സഹിതം 118 റൺസാണ് നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി അശിത ഫെർണാണ്ടോ അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ലങ്കക്ക് ബാറ്റിങ് തകർച്ച നേരിട്ടു. 100 റൺസ് നേടുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടമായി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. വാലറ്റക്കാരനായി ഇറങ്ങിയ സെഞ്ചുറി നേടിയതോടെ അപൂർവ്വ നേട്ടവും അറ്റ്കിൻസൺ സ്വന്തമാക്കി.
The smile from Gus Atkinson says it all 😁 pic.twitter.com/gn7eQDvi0S
— England Cricket (@englandcricket) August 30, 2024
ലോർഡ്‌സിൽ എട്ടാമതോ അതിന് ശേഷമോ ബാറ്റിംഗിനിറങ്ങി സെഞ്ചുറി നേടുന്ന ആറാമത്തെ താരമായിരിക്കുകയാണ് ഇംഗ്ലീഷ് പേസർ. ഇക്കാര്യത്തിൽ മുൻ ഇംഗ്ലണ്ട് താരം ഗബ്ബി അലനാണ് (122) ആദ്യ സെഞ്ചുറി സ്വന്തമാക്കുന്നത്. 1931ൽ ന്യൂസിലൻഡിനെതിരെ ആയിരുന്നു നേട്ടും. പിന്നീട് 1969ൽ ഇംഗ്ലണ്ടിന്റെ തന്നെ റേ ഇല്ലിംഗ്വർത്ത് (113) വെസ്റ്റ് ഇൻഡീസിനെതിരേയും മൂന്നക്കം തികച്ചു. നാല് വർഷങ്ങൾക്ക് ശേഷം, 1973ൽ വിൻഡീസിന്റെ ബെർണാർഡ് ജൂലിയൻ (121) ലോർഡ്സിൽ സെഞ്ചുറി നേടി.
മുൻ ഇന്ത്യൻ താരം അജിത് അഗാർക്കറും ലോഡ്‌സിൽ സെഞ്ച്വറി നേടിയിരുന്നു. 2002ൽ പുറത്താവാതെ 109 റൺസാണ് അഗാർക്കർ അടിച്ചെടുത്തത്. തുടർന്ന് സ്റ്റുവർട്ട് ബ്രോഡും നേട്ടം സ്വന്തമാക്കി. 2010ൽ പാകിസ്ഥാനെതിരെ 169 റൺസാണ് മുൻ ഇംഗ്ലീഷ് പേസർ നേടിയത്. ഇതിന് പിന്നാലെയാണ് മറ്റൊരു താരവും കൂടി നാഴികകല്ല് പിന്നിട്ടത്. രാജ്യാന്തര കരിയറിലെ അഞ്ചാമത്തെ ടെസ്റ്റ് മത്സരത്തിലാണ് താരം നേട്ടം കൈവരിച്ചത്. നേരത്തെ ലോർഡ്സിൽ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കാനും അറ്റ്കിൻസണും സാധിച്ചിരുന്നു.