'കാമുകിയുമായുള്ള ബ്രേക്കപ്പ് പോലെ'; ഇന്ത്യയുടെ ലോകകപ്പ് തോൽവിയിൽ ഫാഫ് ഡുപ്ലെസിസ്

2024 ടി20 ലോകകപ്പിൽ താൻ തിരിച്ചെത്തിയേക്കുമെന്ന സൂചനകൾ ഡുപ്ലെസിസ് നൽകിയിരുന്നു

Update: 2023-12-08 12:47 GMT
Advertising

തുടർച്ചയായ പത്ത് മത്സരങ്ങൾ ജയിച്ച് ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിനെ കുറിച്ച് പ്രതികരിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻ ക്രിക്കറ്റർ ഫാഫ് ഡുപ്ലെസിസ്. 2023 ലോകകപ്പ് ഫൈനലിൽ തോറ്റതോടെ ഇന്ത്യൻ ക്രിക്കറ്റർമാർ കാമുകിയുമായി ബ്രേക്കപ്പായ അവസ്ഥയിലാണെന്നും ഹൃദയം തകർന്ന നിലയിലാണെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

'അതൊരു വലിയ വെല്ലുവിളിയാണ്. 2015 ലോകകപ്പിൽ ഉയർച്ച താഴ്ച്ചകൾ അനുഭവിച്ചയാളെന്ന നിലയിൽ ഈ അനുഭവം എനിക്ക് മനസ്സിലാക്കാനാകും. നിങ്ങളുടെ ഹൃദയ വേദനകൾ മാറാൻ കുറച്ചു സമയമെടുക്കും. അത് കാമുകിയുമായുള്ള ബ്രേക്കപ്പ് പോലെയാണ്. അത് പെട്ടെന്ന് മറികടക്കാൻ കഴിയില്ല. ഈ ലോകകപ്പിൽ ഇന്ത്യ വളരെ അത്ഭുതകരമായാണ് കളിച്ചത്. അവിശ്വസനീയമായിരുന്നു കേളീശൈലി. അതിനാൽ ഹൃദയം തകർന്ന അവസ്ഥയിലായിരിക്കും. കുറച്ച് സമയമെടുക്കും, സമയം എല്ലാം സുഖപ്പെടുത്തും' ഡു പ്ലെസിസ് പറഞ്ഞു. വരുന്ന പരമ്പരയിൽ ടീമിന് മികച്ച പ്രകടനം നടത്താനാകുമെന്നും കഴിവുറ്റ താരങ്ങളും അവരെ പിന്തുണക്കാൻ പരിചയസമ്പന്നരായ താരങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫൈനലിൽ ആസ്‌ത്രേലിയയോട് തോറ്റ ശേഷം നടന്ന അവർക്കെതിരെ നടന്ന ടി20 പരമ്പരയിൽ പ്രധാന താരങ്ങൾ മാറിനിന്നിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയിലെ പരമ്പരയിൽ അവർ തിരിച്ചെത്തുകയാണ്.


അതേസമയം, 2024 ടി20 ലോകകപ്പിൽ താൻ തിരിച്ചെത്തിയേക്കുമെന്ന സൂചനകൾ ഡുപ്ലെസിസ് നൽകിയിരുന്നു. 2020 ഡിസംബറിലാണ് താരം അവസാനമായി ദേശീയ ടീമിൽ കളിച്ചത്. അതിന് ശേഷം ലോകത്തെ വിവിധ ടി20 ടീമുകൾക്കായി അദ്ദേഹം കളിക്കുന്നുണ്ട്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് കളിക്കുന്നത്.

Faf Duplessis on India's World Cup defeat

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News