ബസ് വളഞ്ഞ് ആരാധകർ; അനുഷ്‌കയെ വീഡിയോ കോളിൽ വിളിച്ച് കാണിച്ച് കോഹ്‌ലി: വൈറലായി വീഡിയോ

കോഹ്‌ലി ഫോണിന്റെ സെൽഫി ക്യാമറ ആരാധകർക്കു നേരെ തിരിക്കുന്നതും വീഡിയോയിലുണ്ട്

Update: 2022-09-29 13:20 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യ്ക്ക് ശേഷം ബസിന് ചുറ്റും കൂടിയ ആരാധകരെ ഭാര്യ അനുഷ്‌ക ശർമയെ വീഡിയോ കോൾ ചെയ്ത് കാണിച്ച് ഇന്ത്യൻ താരം വിരാട് കോഹ്‌ലി. എട്ട് വിക്കറ്റ് വിജയത്തിനു ശേഷം ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽനിന്നു ഹോട്ടലിലേക്കു പോകാൻ ബസിൽ കയറിയപ്പോഴാണ് കോഹ്‌ലി അനുഷ്‌ക ശർമയെ ഫോണിൽ വിളിച്ചത്.



കോഹ്‌ലി ഫോണിന്റെ സെൽഫി ക്യാമറ ആരാധകർക്കു നേരെ തിരിക്കുന്നതും വീഡിയോയിലുണ്ട്. കോഹ്‌ലിയുടെ പ്രതികരണം കണ്ടതോടെ ആരാധകർ കൂടുതൽ ആവേശത്തിലായി. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20 യിൽ ഇന്ത്യ അനായാസ ജയം നേടിയിരുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയ ലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധ സെഞ്ച്വറി നേടിയ കെ.എൽ രാഹുലും സൂര്യകുമാർ യാദവും ചേർന്നാണ് ഇന്ത്യയ്ക്ക് അനായസ ജയം സമ്മാനിച്ചത്. രാഹുൽ 51 റൺസ് നേടി പുറത്തായപ്പോൾ സൂര്യകുമാർ യാദവ് 50 റൺസ് നേടി പുറത്താവാതെ നിന്നു. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ പൂജ്യനായി മടങ്ങിയപ്പോൾ കോഹ്‌ലി നേടിയത് മൂന്ന് റൺസാണ്.

നേരത്തേ ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനത്തെ അക്ഷരാർത്ഥത്തിൽ ശരിവക്കുന്നതായിരുന്നു ഇന്ത്യൻ ബോളർമാരുടെ പ്രകടനം. ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്കക്ക് 106 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടീമിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കിയ അർഷദീപ് സിങ്ങും ദീപക് ചഹാറും ഹർഷൽ പട്ടേലും ചേർന്നാണ് പേരു കേട്ട ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. അർഷദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ചഹാറും പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറുകളിൽ തകർത്തടിച്ച കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. മഹാരാജ് 41 റൺസെടുത്തു.

ഒന്നാം ഓവറിൽ തെംബാ ബാവുമയുടെ കുറ്റി തെറിപ്പിച്ച് ദീപക് ചഹാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. തൊട്ടടുത്ത ഓവറിൽ മൂന്ന് ബാറ്റർമാരെ കൂടാരം കയറ്റിയ അർഷദീപ് സിങ് കൊടുങ്കാറ്റാവുന്ന കാഴ്ചയാണ് പിന്നീട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കണ്ടത്. രണ്ടാം പന്തിൽ ക്വിന്റൺ ഡീകോക്കിനെ ക്ലീൻ ബൌൾഡാക്കിയ അർഷദീപ് അഞ്ചാം പന്തിൽ റിലി റോസോയേയും തൊട്ടടുത്ത പന്തിൽ ഡേവിഡ് മില്ലറേയും കൂടാരം കയറ്റി. കാര്യങ്ങൾ അവിടം കൊണ്ടവസാനിച്ചില്ല മൂന്നാം ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്‌സിനെ അർഷദീപിന്റെ കയ്യിലെത്തിച്ച ചാഹർ ഒമ്പതിന് അഞ്ച് എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കയെ കൂപ്പുകുത്തിച്ചു. മൂന്ന് ബാറ്റർമാരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത്.

വൻതകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ദക്ഷിണാഫ്രിക്കയെ കരകയറ്റാൻ എയ്ഡൻ മാർക്രവും വെയിൻ പാർനലും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം എട്ടാം ഓവറിൽ അവസാനിച്ചു. ഹർഷൽ പട്ടേലിന് മുന്നിൽ മാർക്രം വീണു. 24 പന്തിൽ 25 റൺസ് എടുത്താണ് മാർക്രം മടങ്ങിയത്.

പിന്നീട് കേശവ് മഹാരാജിനെ കൂട്ടുപിടിച്ച് ദക്ഷിണാഫ്രിക്കയെ കരകയറ്റാൻ വെയിൻ പാർനലിന്റെ ശ്രമം. പതിനാറാം ഓവറിൽ പാർനലിന്റെ പോരാട്ടം അക്‌സർ പട്ടേൽ അവസാനിപ്പിച്ചു. 37 പന്ത് നേരിട്ട പാർനൽ 24 റൺസ് നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കൻ സ്‌കോർ 100 കടത്തിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News